ac

കണ്ണൂർ: കടുത്ത ചൂടിൽ വിൽപ്പന കുതിച്ചുയരേണ്ട എ.സി വിപണി ലോക്ക് ഡൗണിൽ കുരുങ്ങി മറ്ര് വ്യാപാര മേഖലയെപ്പോലെ തളർന്ന് നിൽപ്പാണ്. ലോക്ക് ഡൗൺ മാറിയാലും കാലവർഷം അടുത്തുവരുന്നതിനാൽ ഇനി എ.സി വിപണി കാര്യമായി ഉയരാൻ സാദ്ധ്യതയില്ലെന്നും വിലയിരുത്തലുണ്ട്. ലോക്ക് ഡൗണിന് തൊട്ടുമുൻപത്തെ ഞായറാഴ്ച ഉത്തര മലബാറിലെ ഒരു പ്രമുഖ ഇലക്ട്രോണിക് ശൃംഖലയുടെ ഒരു ബ്രാഞ്ചിൽ മാത്രം വിറ്റത് നാൽപത് എ.സികളായിരുന്നു.

കേരളത്തിൽ ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് എ.സി വിപണി കൂടുതലും സജീവമാകുന്നത്. വീടുകളിൽ ഒരു ടൺ ശേഷിയുള്ള എ.സിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളിൽ സെൻട്രലൈസ്ഡ് എ.സികളായതിനാൽ നാല് ടൺ വരെ ശേഷി ആവശ്യമായി വരാറുണ്ട്. ഒരു ലക്ഷത്തിന് മുകളിലാണ് വില വരിക. കൊവിഡ് മാറിയാലും ഇക്കൊല്ലം എ.സി വിപണി കാര്യമായി ഉണരില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കോടികളുടെ നഷ്ടമാണ് ഇതുമൂലം എ.സി വിപണിയിൽ ഉണ്ടായിരിക്കുന്നത്.