pic-

ലക്നൗ: ഉത്തരേന്ത്യയെ കൊവിഡ് 19 ഭീതിയിലാഴ്ത്തുമ്പോഴും ചിലയിടങ്ങളിൽ ചികിത്സയിൽ തുടരുന്നത് തികഞ്ഞ അലംഭാവം. ഉത്തർപ്രദേശിലെ മെഡിക്കൽ കോളേജിന് മുന്നിലെ നടപ്പാതയിൽ ചികിത്സ കാത്ത് 69 രോഗികൾ നിൽക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള സായ്ഫായ് മെഡിക്കൽ കോളേജിലേക്ക് കൊവിഡ് സ്ഥിരീകരിച്ച് എത്തിച്ച രോഗികൾക്കാണ് ദുരവസ്ഥയുണ്ടായത്.

ആഗ്രയിലെ സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇവരെ വിദഗ്ദ്ധ ചികിത്സക്കായി എത്തിച്ചത്. എന്നാൽ ഇവർക്കായി പ്രത്യേക വാർഡുകൾ തയാറാക്കിയിരുന്നില്ല. രോഗികൾ എത്തിയതോടെയാണ് ആശുപത്രി അധികൃതർ തയ്യാറെടുപ്പ് തുടങ്ങിയത്. ബസിൽ 116 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അവശരായ രോഗികളും പൊരി വെയിലേറ്റ് ഒരു മണിക്കൂറോളം പുറത്ത് നിൽക്കേണ്ടി വന്നു. മാസ്ക് മാത്രം ധരിച്ച രോഗികളോട് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടുന്നതും കാണാം.

അതേസമയം സംഭവത്തിൽ വീഴ്ചയില്ലെന്നും രോഗികളുടെ ആരോഗ്യസ്ഥിതിയും പട്ടികയും തയാറാക്കാൻ സമയം വേണ്ടിവരുന്നത് സ്വാഭാവികമാണെന്നുമാണ് അധികൃതരുടെ നിലപാട്. രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കൃത്യമായ വിവരം ലഭിക്കാതിരുന്നതിനാൽ ചില വ്യക്തത കുറവുണ്ടായതായും വൈസ് ചാൻസലർ ഡോ. രാജ്കുമാർ പ്രതികരിച്ചു.