കലാമൂല്യമുള്ള സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു രവി വള്ളത്തോൾ.. അടൂരിന്റെ മിക്ക സിനിമകളിലും രവി വള്ളത്തോളിനെ കാണാം. ഒരിക്കൽ അടൂരിന്റെ വിധേയൻ സിനിമയിൽ അഭിനയിച്ചപ്പോൾ മമ്മൂട്ടിയുമൊത്തുള്ള ചില അഭിനയാനുഭവങ്ങൾ രവി വള്ളത്തോൾ പങ്കുവയ്ക്കുകയുണ്ടായി..
" അടൂർ സാർ സംവിധാനം ചെയ്യുന്ന വിധേയന്റെ ചിത്രീകരണം മംഗലാപുരത്തു നിന്നും അമ്പതു കിലോമീറ്റർ അകലെ പുത്തൂരിലായിരുന്നു. ഭാസ്കരപട്ടേലരായി മമ്മുക്ക റെഡിയായിക്കഴിഞ്ഞു. അനന്തിരവന്റെ വേഷമായിരുന്നു എനിക്ക്. മമ്മുക്കയുടെ മുഖം ആകെ വല്ലാതായിരിക്കുന്നു. എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചപ്പോൾ കുറച്ചു മുമ്പ് ഇവിടെ എത്തിയതേയുള്ളൂ. ദുൽഖറിന് മഞ്ഞപ്പിത്തമാണ്. ബോംബെയിൽ നിന്നു വരുന്ന വഴി മദ്രാസിൽ ഇറങ്ങണമെന്നു വിചാരിച്ചതാ. പക്ഷേ അടൂർ സാർ സമ്മതിച്ചില്ല. അവനെ കാണാത്തതിൽ വല്ലാത്തൊരു വിഷമം. മമ്മൂക്കയുടെ മനസിൽ ദേഷ്യമിരട്ടിക്കുന്നത് മുഖത്ത് കാണാം.
ഷോട്ട് റെഡിയായി. ഞാനും മമ്മുക്കയും തമ്മിലുള്ള ഡയലോഗ് സീനാണ് എടുക്കേണ്ടത്. കന്നഡയിലാണ് ഡയലോഗ്. മംഗലാപുരത്തെ ഒരു കോളജിൽ നിന്നെത്തിയ പ്രൊഫസറാണ് ഞങ്ങളെ ഡയലോഗുകൾ പഠിപ്പിച്ചത്. അടൂർ സാർ ആക്ഷൻ പറഞ്ഞു. ആദ്യം എന്റെ ഡയലോഗ്. അതിന് മമ്മുക്ക മറുപടി പറയുന്നതിനിടെ ഇടയ്ക്കുള്ള ചെറിയ പോർഷൻ മറന്നുപോയി. അത് അറിയാതിരിക്കാൻ അദ്ദേഹം മുഖം ചെറുതായൊന്നു തിരിച്ചു. പക്ഷേ, ഓരോ സൂക്ഷ്മാംശവും നിരീക്ഷിക്കുന്ന അടൂർ സാർ അതു കണ്ടുപിടിച്ചു. റീടേക്ക് എടുത്തിട്ടും അതേ അവസ്ഥ.
" മമ്മൂട്ടി മുഖം തിരിക്കുന്നതെന്തിനാണ്? അടൂർ സാർ ചോദിച്ചപ്പോൾ മമ്മുക്ക വിഷയം മാറ്റാൻ ശ്രമിച്ചു.
" സാർ അത് മുഖം തിരിച്ചതല്ല. രവി മേക്കപ്പിട്ടിട്ടുണ്ടോ എന്നൊരു സംശയം?
മമ്മുക്ക പറഞ്ഞതു കേട്ടപ്പോൾ ഞാനാകെ വിറച്ചുപോയി. അടൂർ സാറിന്റെ സെറ്റിൽ പേടിയോടെയാണ് അഭിനയിക്കുന്നത്. മാത്രമല്ല, ആ സിനിമയിൽ മേക്കപ്പിടരുതെന്ന് പ്രത്യേകം നിർദേശമുണ്ടായിരുന്നു.
" രവി അതു ചെയ്യില്ലല്ലോ. എന്നാലും നോക്കാം "
അടൂർസാർ എന്റെ മുഖത്ത് വിരൽകൊണ്ടു തൊട്ടുനോക്കി.
" ’ഉണ്ട് സാർ ഇട്ടിട്ടുണ്ട്. "
മമ്മുക്ക ഉറപ്പിച്ചുപറഞ്ഞു. ഞാനാകെ വല്ലാതായി. പക്ഷേ അടൂർ സാറിനു കാര്യം പിടികിട്ടി.
" രവിക്ക് ഇപ്പോഴുള്ള മേക്കപ്പ് മുകളിൽ നിന്ന് കൊടുത്തിട്ടുള്ളതാണ്. അതു മാറ്റാൻ നമുക്കൊന്നുമാവില്ല.’
അടൂർസാറിന്റെ നർമ്മം കേട്ട് എല്ലാവരും ചിരിച്ചു. പക്ഷേ, ആ അവസ്ഥയിൽ എനിക്കു ചിരിക്കാൻ കഴിഞ്ഞില്ല. ഷോട്ട് കഴിഞ്ഞയുടൻ തന്നെ മമ്മുക്ക എന്റടുത്തേക്കു വന്നു.
" വിട്ടുകള, രവീ, അടൂർ സാറിനോട് അതെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ പെട്ടുപോയേനെ "
എനിക്കു ശ്വാസം നേരെ വീണത് അപ്പോഴാണ്. രവി വള്ളത്തോൾ പറഞ്ഞു.