photo

കൊല്ലം: താരജാടകളില്ലാതെ വെള്ളിത്തിരയിലും മിനി സ്ക്രീനിലും സൗമ്യതയുടെ ആൾരൂപമായി തിളങ്ങിയ വ്യക്തിത്വമായിരുന്നു രവി വള്ളത്തോൾ. ദൂരദർശന്റെ പ്രതാപകാലത്ത് മലയാളി വീട്ടമ്മമാരുടെയും കോളേജ് കുമാരിമാരുടെയും ഇഷ്ട നടനായിരുന്നു രവി. അഭിനയ പാടവവും സൗന്ദര്യവും സൗമ്യ മനോഭാവവും ഒരാളിലേക്ക് ഇഴുകിച്ചേർന്നതിനാൽ രവി വള്ളത്തോളിന് മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസുകളിൽ വലിയ ഇടമാണ് ലഭിച്ചത്.

മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ അനന്തരവനായ രവിയ്ക്ക് സാഹിത്യവും അഭിനയവും ഒന്നുപോലെ വഴങ്ങിയിരുന്നു. അഭിനയത്തെയും അക്ഷരങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനാണ് ആ കലാകാരൻ ആഗ്രഹിച്ചിരുന്നത്. അച്ഛൻ പ്രശസ്തനായ നാടകകൃത്താണെങ്കിലും ആ മേൽവിലാസം ഉപയോഗപ്പെടുത്താൻ രവി ആഗ്രഹിച്ചിരുന്നില്ല. മലപ്പുറത്തായിരുന്നു കുടുംബ വീടെങ്കിലും തിരുവനന്തപുരത്തായിരുന്നു പഠനവും തുടർ ജീവിതവുമൊക്കെ. ശിശുവിഹാർ മോഡൽ സ്കൂളിൽ പഠിക്കുമ്പോഴേ നാടകങ്ങളിൽ താത്പര്യമുണർന്നിരുന്നു. മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദവും കാര്യവട്ടം കാമ്പസിൽ നിന്നും പി.ജിയും ചെയ്തു.

പഠന കാലയളവിൽ നാടകങ്ങളിൽ പെൺവേഷങ്ങളാണ് രവി വള്ളത്തോൾ അഭിനയിച്ചിരുന്നത്. നടൻമാരായ ജഗതി ശ്രീകുമാറും ജഗദീഷുമടക്കം പഠന കാലയളവിലും ഒന്നിച്ചുണ്ടായിരുന്നു. 1976ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി പാട്ടെഴുതിയായിരുന്നു സിനിമാ ബന്ധം തുടങ്ങിയത്. 1986ൽ ഇറങ്ങിയ രേവതിയ്ക്കൊരു പാവക്കുട്ടി എന്ന ചിത്രത്തിന്റെ കഥയും രവിയുടേതായിരുന്നു. നാടകത്തിന് വേണ്ടി എഴുതിയ കഥയാണ് സിനിമയാക്കിയത്. 1986ൽതന്നെ സീരിയൽ രംഗത്തേക്ക് ചുവടുറപ്പിച്ചു. ദൂരദർശനിലെ വൈതരണി എന്ന സീരിയിലിൽ ആയിരുന്നു രംഗപ്രവേശം. അച്ഛൻ ടി.എൻ.ഗോപിനാഥൻ നായരുടേതായിരുന്നു സീരിയലിന്റെ തിരക്കഥ. നല്ല തുടക്കമായിരുന്നുവെന്ന് എല്ലാവരും പറഞ്ഞതോടെ രവി വള്ളത്തോളിനെ തേടി നൂറുകണക്കിന് സീരിയൽ വേഷങ്ങളെത്തി.

ലെനിൻ രാജേന്ദ്രന്റെ സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് കടന്നു. മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, സർഗം, കമ്മിഷണർ, വിഷ്ണുലോകം, നീവരുവോളം തുടങ്ങി അൻപതിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു. അഭിനയത്തിന്റെ ഇടവേളകളിലെല്ലാം എഴുത്തിന് സമയം നീക്കിവച്ചു. മുപ്പതിൽപ്പരം ചെറുകഥകളെഴുതി. പാട്ടുകളും. 1980 ജനുവരി 1ന് ഗീതാലക്ഷ്മിയെ ജീവിത സഖിയാക്കി. കുട്ടികളില്ലാത്തതിന്റെ ദു:ഖം മറക്കാനാണ് തണൽ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് മാനസിക വൈകല്യം നേരിടുന്ന കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്.

2014ൽ പുറത്തിറങ്ങിയ ദി ഡോൾഫിൻസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം വേഷമഴിച്ചു. അമേരിക്കൻ ഡ്രീംസ് എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു. പാരിജാതത്തിലെ അഭിനയ മികവിന് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു. സീരിയലുകളിൽ പ്രധാന റോളുകൾ ചെയ്ത് തിളങ്ങിയെങ്കിലും സിനിമയിൽ വേണ്ടത്ര ശോഭിക്കാൻ അവസരം ഒരുങ്ങിയില്ല. അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളിലടക്കം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി അദ്ദേഹം എപ്പോഴും പറയാറുമുണ്ട്. രോഗത്തിന്റെ അവശതകൾ അലട്ടിയപ്പോഴാണ് സിനിമാ, സീരിയൽ രംഗങ്ങളിൽ നിന്നും വിട്ടുനിന്നത്. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം.