ജനീവ: മാനവരാശിയെ കൊടും ഭീതിയിലാക്കി സംഹാരം തുടരുന്ന കൊവിഡ് മഹാമാരിയിൽ ലോകമെമ്പാടും മരിച്ചവരുടെ എണ്ണം ഇന്നലെ രണ്ട് ലക്ഷം കടന്നു. മൊത്തം രോഗികളുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു.

വെറും മൂന്ന് മാസത്തിലാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ജനലക്ഷങ്ങളെ വൈറസ് കൊന്നൊടുക്കിയത്. മനുഷ്യൻ എന്ന മഹാത്ഭുതം ഒരു സൂക്ഷ്‌മാണുവിൽ മരണത്തെ കണ്ട് നിസഹായനായി വിറച്ചു നിൽക്കുന്നു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ വൈറസ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ജനുവരി 9ന് വുഹാനിൽ ആദ്യത്തെ കൊവിഡ് മരണം. 22ന് ചൈനയിൽ മരണം രണ്ടക്കം കടന്നു -17. ചൈനയ്‌ക്ക് പുറത്തുള്ള ആദ്യമരണം ഫെബ്രുവരി ഒന്നിന് ഫിലിപ്പൈൻസിൽ. ഫെബ്രുവരി 28ന് ഇറാൻ,​ ദക്ഷിണ കൊറിയ,​ ഇറ്റലി എന്നിവിടങ്ങളിൽ ഒരു ഡസൻ വീതം മരണം. മാർച്ച് 13 ആയപ്പോഴേക്കും അന്റാർട്ടിക്ക ഒഴികെ അഞ്ച് ഭൂഖണ്ഡങ്ങളിലേക്കും കൊവിഡ് പടർന്നു കഴിഞ്ഞു.

ലോകാരോഗ്യ സംഘടനയുടെയും കൊവിഡ് നിരീക്ഷിക്കുന്ന വേൾഡോ മീറ്ററിന്റെയും രേഖകൾ പ്രകാരം ഏപ്രിൽ ഒന്നു മുതലുള്ള 24 ദിവസം കൊണ്ടാണ് ലോകത്ത് കൊവിഡ് രോഗവും മരണവും പിടികിട്ടാത്ത വിധം കുതിച്ചുയർന്നത്. ചൈനയിലെ 17 ആയിരുന്നു ജനുവരി 22ന് ലോകത്തെ ആകെ കൊവിഡ് മരണമെങ്കിൽ മൂന്നു മാസം തികഞ്ഞ ഏപ്രിൽ 22ന് 1.84 ലക്ഷമായി. ഇന്നലെ രണ്ട് ലക്ഷം കടക്കുകയും ചെയ്തു.

79 ദിവസം,​ ഒരു ലക്ഷം;

15 ദിവസം, രണ്ട് ലക്ഷം

 ഏപ്രിൽ 10നാണ് മരണം ഒരു ലക്ഷം കടന്നത്

ജനുവരി 22 മുതൽ കണക്കാക്കിയാൽ 79 ദിവസം കൊണ്ട്

അടുത്ത 15 ദിവസം കൊണ്ട് മരണം രണ്ട് ലക്ഷം കടന്നു

ഏപ്രിലിന്റെ ക്രൂരത

ഏപ്രിൽ ഒന്നിന് ലോകത്തെ മൊത്തം മരണം 48,​490

 പിന്നീടുള്ള 24 ദിവസം കൊണ്ട് 1.5 ലക്ഷത്തിലേറെ

 ഏപ്രിൽ ഒന്നിന് ലോകത്താകെ രോഗികൾ 9.4 ലക്ഷം

 ഏപ്രിൽ 24ന് രോഗികൾ 28.30 ലക്ഷം

കുതിച്ചു ചാട്ടം ഇങ്ങനെ

തീയതി............................മരണം...................................രോഗികൾ

 ജനുവരി 22 ........................17 ............................................580

 ഫെബ്രുവരി 22 .............2,​460 ........................................78,​651

 മാർച്ച് 22.......................14,​735......................................3,​37,​707

 ഏപ്രിൽ 1......................48,​490......................................9,​40,​524

 ഏപ്രിൽ 24..................1,​97,​099...................................28,​28,​826

 ഏപ്രിൽ 25...................2,​00,​000 ( അപ്ഡേറ്റ് ചെയ്യണം..............)​