ആലപ്പുഴ: ആവേശത്തിന്റെ അലകൾക്കൊപ്പം തുഴഞ്ഞ് 14 തവണ നെഹ്‌റു ട്രോഫി സ്വന്തമാക്കിയ കാരിച്ചാൽ ചുണ്ടൻ പുതുക്കിപ്പണിയാൻ തീരുമാനമായി. 45 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് കാരിച്ചാൽ ചുണ്ടൻ വള്ളസമിതിയുടെ നേതൃത്വത്തിൽ പുതുക്കിപണിക്ക് ഒരുങ്ങുന്നത്. പഴയ പേര് നിലനിർത്തി പുതിയ രൂപത്തിലാണ് വള്ളം പുതുക്കിപ്പണിയുന്നത്. ഉമാമഹേശ്വരൻ ആചാരിയുടെ നേതൃത്വത്തിലാണ് വള്ളം പുതുക്കിപണിയുന്നത്.
നെഹ്‌റു ട്രോഫിക്കു മുമ്പ് നീറ്റിലിറക്കുന്ന വിധത്തിലാണ് പണികൾ പുരോഗമിക്കുന്നത്. യുബിസി കൈനകരിയുമായി തുഴച്ചിലിന് ധാരണയായിട്ടുണ്ട്.കാരിച്ചാൽ ചുണ്ടന്റെ മാലിപ്പുരയിൽ 50 വർഷം ആഘോഷിക്കാനും കരക്കാർ തീരുമാനിച്ചു. ചുണ്ടന്റെ മുറിച്ചു മാറ്റിയ കൂമ്പും അമരവും വിൽക്കാനാണ് വള്ളസമിതിയുടെ തീരുമാനം.