മുംബയ്: ഐ.പി.എല്ലിൽ കൂടുമാറ്റം പതിവ് സംഭവമാണ്. എന്നാൽ, കൂടുവിട്ട് മറ്റൊരു ടീമിൽ ചേക്കേറിക്കഴിഞ്ഞാൽ പിന്നെ, പഴയ ടീമിനെക്കുറിച്ചും പുതിയ ടീമിനെക്കുറിച്ചും താരതമ്യം ചെയ്യാനും അത് വെളിപ്പെടുത്താനും താരങ്ങൾ ആരും മുതിരാറില്ല. എന്നാൽ, ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻ ബൗളർ ഹർഭജൻ സിംഗ് കഥ മാറ്റി എഴുതുകയാണ്. കഴിഞ്ഞ ദിവസം താരം തന്റെ പുതിയ ടീമായ സി.എസ്.കെയേയും മുംബയ് ഇന്ത്യൻസിനെയും കുറിച്ച് മനസ് തുറന്നു.
ഇൻസ്റ്റഗ്രാം ലൈവിലൂടെ മുംബയ് വളരെ പ്രൊഫഷണലായ ടീമാണെന്നാണ് ഭാജി പറയുന്നത്. നീലപ്പടയ്ക്ക് വേണ്ടി കളിക്കുകയെന്നത് നല്ല രസമാണ്. 10 വർഷം മുംബയ്ക്കായി കളിച്ചു. എന്നാൽ മുംബയെ അപേക്ഷിച്ച് വളരെ റിലാക്‌സായ കാര്യങ്ങളെ കാണുന്ന ടീമാണ് സി.എസ്.കെ. ഒരുപാട് ടീം മീറ്റിംഗുകളൊന്നും ഇവിടെയില്ല. താരങ്ങൾ എന്താണോ ആഗ്രഹിക്കുന്നത് അത് കളിക്കളത്തിൽ പുറത്തെടുക്കാൻ സി.എസ്.കെയിൽ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടു തന്നെ കാര്യമായ സമ്മർദ്ദവും ക്യാപ്റ്റൻ കൂളിന് ഇല്ല. മുംബയിൽ അങ്ങനെയല്ല. താരങ്ങൾക്കു സമ്മർദ്ദം നേരിടേണ്ടിവരും. എല്ലാ മത്സരവും ജയിച്ചേ തീരൂവെന്ന തരത്തിലാണ് സമീപനം.
ഈ രണ്ടു ടീമുകൾക്കും വേണ്ടി ഇത്രയും കാലം കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഹർഭജൻ പറഞ്ഞു. ടീമിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്ന രീതി സി.എസ്.കെയിൽ ഇല്ല. ടൂർണമെന്റിലുടനീളം റൺസെടുക്കാൻ പാടുപെട്ടിട്ടും ഷെയ്ൻ വാട്‌സനെ ടീമിൽ നിലനിർത്തി. പിന്നീട് അദ്ദേഹം സെഞ്ച്വറി നേടുകയും ചെയ്തു. ടീം വാട്‌സന് മികച്ച പിന്തുണ നൽകിക്കൊണ്ടിരുന്നു. എങ്ങനെയാണ് ഒരു താരത്തെ പിന്തുണയ്‌ക്കേണ്ടതെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. കാരണം വാട്‌സനെപ്പോലൊരു താരം ഒറ്റയ്ക്കു മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള ക്രിക്കറ്ററാണെന്നും ഭാജി പറഞ്ഞു.