atm

പണം ലഭിക്കുന്ന എ.ടി.എമ്മുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അരി കിട്ടുന്ന വെൻഡിംഗ് മെഷിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ​എങ്കിൽ വിയറ്റ്നാമിൽ അങ്ങനൊരു എടിഎം പ്രവർത്തിച്ചു തുടങ്ങി. കൊവിഡ് ഭീഷണിയിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു 'എടിഎമ്മാ'യിരിക്കും അത്. ആവശ്യക്കാർക്ക് അരി വിതരണം ചെയ്യുന്ന ഈ യന്ത്രം ഹോ ചി മിൻ സിറ്റിയിലെ ഒരു സംരംഭകനായ ഹോങ് തുവാൻ അൻ നിർമ്മിച്ചതാണ്.

കൊവിഡിന്റെ കാലഘട്ടത്തിൽ ഉപജീവനത്തിനായി പാടുപെടുന്ന തെരുവ് കച്ചവടക്കാർക്കും ദൈനംദിന കൂലിത്തൊഴിലാളികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ബിസിനസുകാരും മറ്റ് പ്രമുഖരുമാണ് പദ്ധതിക്ക് ധനസഹായം നല്‍കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ മെഷീനിൽ നിന്ന് ആളുകൾക്ക് നല്ല പ്രയോജനമാണ് ലഭിക്കുന്നത്. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ദൈനംദിന ഉപഭോഗത്തിന് മതിയായ സൗജന്യ അരി ഇതിലൂടെ വിതരണം ചെയ്യുന്നു. മെഷീനിൽ നിന്ന് അരി ലഭിക്കുന്നതിന് ഹനോയിയിലെ ആളുകൾ പരസ്പരം ആറടി അകലം പാലിച്ച് ക്യൂവിൽ നില്‍ക്കണമെന്ന് നിർദേശമുണ്ട്.