art

കൊല്ലം: കാലിക്കുപ്പികളും നിറങ്ങളും ആത്മജയ്ക്ക് കൂട്ടുകാരായി, അവധിക്കാലത്തിന്റെ ആ ചങ്ങാത്തത്തിൽ പൂർത്തിയായത് മുപ്പതിലധികം അലങ്കാര കൗതുകങ്ങളാണ്. വീട്ടിനുള്ളിലും പറമ്പിലുമൊക്കെയുള്ള കാലിക്കുപ്പികൾ കഴുകി വൃത്തിയാക്കി അതിൽ ചിത്രമെഴുതിയാണ് ആത്മജ ലോക്ക് ഡൗണിനെ ആഘോഷമാക്കിയത്. എഴുകോൺ ഇരുമ്പനങ്ങാട് ലക്ഷ്മി സദനത്തിൽ വിനുവിന്റെയും ദീപ്തിയുടെ മകളായ ആത്മജയ്ക്ക് കുപ്പികളിലെ ചിത്രമെഴുത്ത് പുതിയ അനുഭവമായിരുന്നു.

യൂ ട്യൂബിലൂടെ കണ്ട വീഡിയോകളാണ് ആത്മജ പരീക്ഷിച്ചത്. ആദ്യം കുപ്പികളിൽ മാത്രമായി, പിന്നീട് പേപ്പർ ക്രാഫ്റ്റും ചിരട്ടയും ചണവും കയറും മുത്തുമൊക്കെ ഉപയോഗിച്ചുള്ള അലങ്കാര കൗതുകങ്ങളൊരുക്കി. ഓരോന്നും വ്യത്യസ്തവും മനോഹരവും. ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയായിരുന്നു ആത്മജ. പരീക്ഷകൾ പൂർത്തിയായിട്ടില്ല, കൂട്ടുകാരൊക്കെ എന്നും ഫോണിൽ വിളിക്കാറുണ്ട്. അവരോടൊക്കെ ആത്മജ ഇപ്പോൾ തന്റെ കുപ്പികളോടുള്ള ചങ്ങാത്തവും കരവിരുതിന്റെ വിശേഷങ്ങളും വിളമ്പുകയാണ്.

വീട്ടിലിരിപ്പ് ബോറായവർ ആത്മജയുടെ വാക്കുകൾ കേട്ട് ആ വഴിയിലേക്ക് തിരിഞ്ഞിട്ടുമുണ്ട്. കരാട്ടെ ബ്ലാക് ബെൽറ്റ് സെക്കൻഡ് ഡാൻ നേടിയ ആത്മജ സ്കൂൾ കായിക മേളയിലും ജില്ലാ ചാമ്പ്യനായിരുന്നു. കൊട്ടാരക്കര മുൻസിഫ് കോടതിയിലെ ക്ലർക്കായ പിതാവ് വിനുവും മാതാവ് ദീപ്തിയും അയൽക്കാരുമൊക്കെ ആത്മജയ്ക്ക് വലിയ പ്രോത്സാഹനം നൽകുന്നുണ്ട്.