തിരുവനന്തപുരം: കൊവിഡാണെന്ന് കരുതി നോമ്പുതുറക്കാൻ പഴങ്ങളോ ഫലവർഗങ്ങളോ ഇല്ലെന്ന് വിഷമിക്കേണ്ട. നമ്മുടെ നാട്ടിൻപുറങ്ങളിൽ കർഷകർ വിളയിച്ചെടുത്ത വാഴപ്പഴവും പൈനാപ്പിളും മാമ്പഴവും തണ്ണിമത്തനുമെല്ലാം ആവശ്യാനുസരണം ഓൺലൈനായി വീട്ടിലെത്തിക്കാൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ) റെഡി.
വേനൽ വിപണിയിൽ നേട്ടംകൊയ്യേണ്ട കർഷകർ ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായപ്പോഴാണ് ഓൺലൈൻ മാർക്കറ്റിംഗ് ഏജൻസികളുടെ സഹായത്താൽ പഴവർഗങ്ങൾ ആവശ്യക്കാർക്ക് വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതി നടപ്പാക്കിയത്. മാർച്ച് 30മുതൽ ഇന്നലെ വരെ മാമ്പഴം, കൈതച്ചക്ക, വാഴപ്പഴം, പാഷൻ ഫ്രൂട്ട് തുടങ്ങി വിവിധ ഇനങ്ങളിലുള്ള 60 ടൺ പഴവർഗങ്ങളാണ് ഓൺലൈനായും അല്ലാതെയും വിറ്റഴിച്ചത്.
ഉത്സവ സീസണിൽ ചൂടപ്പം പോലെ വിറ്റഴിയേണ്ട കപ്പവാഴപ്പഴം തോട്ടത്തിൽ തന്നെ നശിപ്പിക്കേണ്ടി വരുന്നുവെന്ന കർഷകരുടെ സങ്കടമാണ് പുതുചിന്തയ്‌ക്ക് വഴിവച്ചത്. 2000 രൂപ വരെ ലഭിക്കേണ്ട കുലകൾ വാങ്ങാൻ ആളില്ലാതായി. ഇവരെ സഹായിക്കാൻ ബിഗ് കാർട്ട്, കൂഹോയ് തുടങ്ങിയ ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളുമായി വി.എഫ്.പി.സി.കെ ധാരണയിലെത്തി. നേന്ത്രൻ, രസകദളി, പാളയംകോടൻ എന്നീ ഇനങ്ങളുമായി കലർത്തി മൂന്നുകിലോയുടെ കിറ്റിന് 100 രൂപയ്ക്ക് വിറ്റപ്പോൾ രണ്ടുദിവസം കൊണ്ട് ഒന്നര ടൺ പഴം വിൽക്കാനായി.
ഇതറിഞ്ഞ പാലക്കാട് മുതലമടയിലെ മാമ്പഴ കർഷകരും ഓഫീസുമായി ബന്ധപ്പെട്ടു. കയറ്റുമതി ചെയ്യേണ്ട മാമ്പഴം ആഭ്യന്തര വിപണിയിൽ പോലും വിൽക്കാനാകാതെ പ്രതിസന്ധിയിലായിരുന്നു അവർ. മാമ്പഴ വിൽപ്പനയും ഹിറ്റായതോടെ മൂവാറ്റുപുഴയിൽനിന്ന് കൈതച്ചക്ക കർഷകരുടെ വിളിയെത്തി. തുടർ ദിവസങ്ങളിൽ ഇടുക്കി, വയനാട് ജില്ലകളിൽനിന്ന് പാഷൻ ഫ്രൂട്ട്, നാടൻ മാമ്പഴ ഇനങ്ങൾ, മധുരക്കിഴങ്ങ് തുടങ്ങിയവയും വന്നു.
റസിഡന്റ്സ് അസോസിയേഷനുകൾ വഴിയും വിൽപ്പന നടക്കുന്നു. ബംഗനപ്പള്ളി, സിന്ദൂരം തുടങ്ങി വിവിധ ഇനങ്ങൾ ഉൾപ്പെടുന്ന നാല് കിലോയുടെ മാമ്പഴ കിറ്റിന് 200 രൂപ. നാലു കിലോ കൈതച്ചക്കയ്ക്ക് 100 രൂപ. മുൻകൂട്ടി ഓർഡർ നൽകിയാൽ ചക്കപ്പഴം, വിവിധ ഇനം ജൈവ പച്ചക്കറികൾ എന്നിവയും ലഭിക്കും.തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷനിലെ ജില്ലാ ഓഫീസിൽനിന്നും നേരിട്ടും ആവശ്യക്കർക്ക് പഴങ്ങൾ വാങ്ങാം. ഓൺലൈൻ മാർക്കറ്റിംഗ് ഏജൻസികളുടെ സൈറ്റ് മുഖാന്തിരമോ വി.എഫ്.പി.സി.കെയുമായി കരാറുള്ള റസിഡന്റ്സ് അസോസിയേഷൻമുഖേനയും ഓൺ ലൈൻ പർച്ചേസ് ചെയ്യാം.