vaccine

ബീജിംഗ്: കൊവിഡ് വൈറസിനുള്ള വാക്സിൻ അടുത്ത വർഷം ആദ്യത്തോടെ പുറത്തിറക്കുമെന്നും അടിയന്തര ഘട്ടങ്ങൾക്ക് ഉപയോഗിക്കാനുള്ളവ ഈ വരുന്ന സെപ്തംബർ മാസത്തോടെ സജ്ജമാക്കാൻ കഴിയുമെന്നും ചൈനീസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ തലവൻ ഗാവോ ഫു പറഞ്ഞു. ചൈനയിൽ കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടാവുകയാണെങ്കിൽ അതിനു വേണ്ടിയുള്ള വാക്സിൻ തയാറായിക്കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് മാദ്ധ്യമങ്ങളോടാണ് ഗാവോ ഫു വെളിപ്പെടുത്തിയത്.

വാക്സിന്റെ ഗവേഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അടിയന്തര ഘട്ട ഉപയോഗത്തിനുള്ള വാക്സിൻ സെപ്തംബറോടെ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്സിൻ ഇപ്പോൾ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലൂടെയാണ് കടന്നുപോകുന്നത്. ആരോഗ്യപ്രവർത്തകരിലടക്കം ഇത് പരീക്ഷിച്ചു കഴിഞ്ഞു. ഇതാദ്യമായാണ് കൊവിഡ് വാക്സിൻ ലഭ്യമാകുന്നത് സംബന്ധിച്ച ഒരു സമയപരിധി ചൈനയിൽ വെളിപ്പെടുത്തുന്നത്.

ഒരു വർഷത്തിനകം അമേരിക്കയിൽ വാക്സിൻ രൂപപ്പെടുത്തിയെടുക്കുമെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രഷൻ പറ‌ഞ്ഞിരുന്നു. മംപ്സ് വാക്സിനാണ് ലോകത്ത് ഇതേവരെ ഏറ്റവും വേഗത്തിൽ വികസിപ്പിച്ചെടുത്ത വാക്സിനെന്നാണ് കരുതുന്നത്. നാല് വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത വാക്സിന് 1967ലാണ് അംഗീകാരം ലഭിച്ചത്. കൊവിഡ് ഇതേവരെ ലോകത്തെ 2 ദശലക്ഷം ജനങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിൽ ലോകത്തിന്റെ പല ഭാഗത്തും വാക്സിൻ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വ്യാഴാഴ്ച വരെ ആറ് പുതിയ ഗവേഷക സംഘങ്ങളാണ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. 77 എണ്ണം ഇതിനുമുമ്പുള്ള ഗവേഷണഘട്ടത്തിലാണ്. വ്യാഴാഴ്ച ട്രയൽ തുടങ്ങിയവയിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിനും ഉൾപ്പെടുന്നു. പരീക്ഷണം വിജയകരമാകുകയാണെങ്കിൽ സെപ്റ്റംബർ മാസത്തോടെ പത്തുലക്ഷം ഡോസുകൾ വികസിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓക്സ്ഫോർഡ് ടീം ലീഡർ ഡോ. സാറാ ഗിൽബർട്ട് പറയുന്നു.

യു.എസ് ബയോടെക് സ്റ്റാർട്ട് അപ്പായ മൊഡേർണയാണ് ലോകത്ത് ആദ്യമായി കാവിഡ് വൈറസിനെതിരെയുള്ള ക്ലിനിക്കൽ ട്രയൽ തുടങ്ങിയത്. മാർച്ചിലായിരുന്നു മോഡേർണ പരീക്ഷണം തുടങ്ങിയത്. മറ്റൊരു യു.എസ് കമ്പനിയായ ഇനോവിയോ ഫാർമസ്യൂട്ടിക്കൽസ് കൊറോണ വൈറസിനെതിരെയുള്ള ഡി.എൻ.എ വാക്സിന്റെ മനുഷ്യനിലുള്ള പരീക്ഷണം കഴി‌ഞ്ഞ മാസം തുടങ്ങിയിരുന്നു.

മൂന്ന് ചൈനീസ് വാക്സിനുകളുടെ ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ ഇതിനൊടകം പൂർത്തിയായതായാണ് റിപ്പോർട്ട്.

ഈ മാസം ആദ്യം തന്നെ നൂറ് മുതൽ ആയിരം വരെയുള്ള വോളന്റിയർമാരിൽ പരീക്ഷണം നടത്തിക്കൊണ്ടുള്ള രണ്ടാം ഘട്ടവും തുടങ്ങി. ടിയാൻജിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാൻസിനോ ബയോളജിക്സിന്റെ അഡിനോവൈറസ് - വെക്ടർ വാക്സിൻ, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ട് ഇനാക്ടിവേറ്റഡ് വാക്സിനുകൾ, ബീജിംഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിനോവാക് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ വാക്സിൻ എന്നിവയാണ് ഇപ്പോൾ രണ്ടാം ഘട്ട/മൂന്നാം ഘട്ട ട്രയലുകൾ തുടരുന്നത്.