covid-19

വാഷിംഗ്ടൺ ഡി.സി: അമേരിക്ക അടക്കം ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി റെക്കാഡ് വേഗത്തിൽ കൊവിഡ് വ്യാപനം. ഇറ്റലിയിലും സ്പെയിനിലും മരണസംഖ്യയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതി രൂക്ഷമാണ്.

അമേരിക്കയിൽ മരണസംഖ്യ 52,217 ആയി. 24 മണിക്കൂറിനുള്ളിൽ 1934 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അവിടെ മൊത്തം രോഗബാധിതരുടെ എണ്ണം പത്തു ലക്ഷത്തിലേക്ക് അടുക്കുകയാണ് ( 9,25,758). ന്യൂയോർക്കിൽ മാത്രം മരണസംഖ്യ 21,291 ആയി. ഇവിടെ രോഗികൾ 277,445.

അതേസമയം, ഈ ആഴ്ച മുതൽ രാജ്യത്ത് മേഖല തിരിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകാനാണ് സർക്കാർ ആലോചന. അലാസ്ക, ജോർജിയ, ഒക്‌ലഹാമ, സൗത്ത് കരോലിന എന്നീ നാല് സംസ്ഥാനങ്ങളിൽ ഈ ആഴ്ച ഭാഗികമായി ലോക്ക് ഡൗൺ നീക്കും. ടെക്സാസ്, അരിസോണ തുടങ്ങിയ 14 സംസ്ഥാനങ്ങളിൽ ഈ മാസം 30ന് ശേഷം തീരുമാനമെടുക്കും. പലിടത്തും ലോക്ക് ഡൗണിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

ബ്രിട്ടനിൽ മരണസംഖ്യ 20,000 ത്തിലേക്ക് അടുക്കുന്നു. ഏഷ്യ, ലാറ്റിനമേരിക്ക മേഖലയിലും വൈറസ് വ്യാപനം വർദ്ധിക്കുകയാണ്. ആഫ്രിക്കയിൽ 43 ശതമാനം വർദ്ധനയുണ്ടായി.

ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽ 24 മണിക്കൂറിനിടെ 357 മരണം റിപ്പോർട്ട് ചെയ്‍തു. ആകെ മരണം 3670. ഇപ്പോഴും രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രസിഡന്റ് ജെയർ ബൊൽസനാരോ തയ്യാറായിട്ടില്ല.

ബോറിസ് ജോൺസൺ

നാളെ ഓഫീസിലേക്ക്

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച ഓഫീസിലെത്തുമെന്നും അത്യാവശ്യ ജോലികൾ നിർവഹിക്കുമെന്നും സൂചനയുണ്ട്. വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിനാണ് ചുമതലകൾ വഹിക്കുന്നത്.