padmanabha-templ

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഭക്തജനങ്ങളുടെ വരവ് നിലച്ചതോടെ ലക്ഷം കോടിയുടെ നിധിശേഖരമുള്ള ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ശമ്പളത്തിനും നിത്യനിദാനത്തിനും പണമില്ലാതാകുന്നു. ലോക്ക് ഡൗൺ നിലവിൽ വരുന്നതിന് മുമ്പ് തന്നെ ഇക്കഴിഞ്ഞ മാർച്ച് 21 മുതൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് വിലക്കിയതോടെയാണ് ഒരുമാസം പിന്നിട്ടപ്പോഴേക്കും ക്ഷേത്രം സാമ്പത്തിക പരാധീനതയിലായത്.

ശമ്പളത്തിനും പൂജകളുൾപ്പെടെയുള്ള നിത്യനിദാന ചെലവുകൾക്കുമായി ഒരുമാസം ഒന്നരക്കോടിയോളം രൂപയാണ് ചെലവ് വരുന്നത്. ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ നിയന്ത്രണത്തിലുള്ളതല്ലാത്തതിനാൽ ക്ഷേത്രത്തിന്റെ അക്കൗണ്ടിൽ നിന്നാണ് ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും നൽകുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ, മേൽശാന്തി എന്നിവരുൾപ്പെടെ 150 ഓളം സ്ഥിരം ജീവനക്കാർക്കും അമ്പതോളം താൽക്കാലികക്കാർക്കുമായി ശമ്പളത്തിന് മാത്രം ഒരുകോടി രൂപ വേണ്ടിവരും.

ക്ഷേത്രത്തിലെ നിത്യനിദാന ചെലവുകൾക്കും വൈദ്യുതി, വെള്ളം മറ്റ് ചെലവുകൾക്കുമായി അമ്പത് ലക്ഷത്തോളം രൂപയുമാകും.

ഒരുദിവസം രണ്ട് മുതൽ രണ്ടര ലക്ഷം രൂപാവരെ ഭക്തരിൽ നിന്നും സംഭാവനയായും വഴിപാട് പൂജ ഇനങ്ങളിലുമായി സാധാരണനിലയിൽ ക്ഷേത്രത്തിന് വരവുണ്ടാകാറുണ്ട്. ടൂറിസ്റ്റ് സീസണും സ്കൂൾ അവധിസമയവുമായ ഇപ്പോഴാണ് തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ഭക്തർ ക്ഷേത്രത്തിലെത്തുന്നത്.

കാണിക്കയായും സംഭാവനയായും വഴിപാടുകളായും ഇവ‌ർ സമർപ്പിക്കുന്ന പണമാണ് ക്ഷേത്രവരുമാനത്തിൽ സിംഹഭാഗവും. ക്ഷേത്രത്തിന് സർക്കാരിൽ നിന്ന് പ്രതിവർഷം 20 ലക്ഷം രൂപ ഗ്രാന്റായും ലഭിക്കാറുണ്ട്. വർഷങ്ങളായി ക്ഷേത്രത്തിന്റെ അക്കൗണ്ടിൽ മിച്ചമുണ്ടായിരുന്ന തുക ഉപയോഗിച്ചാണ് നിലവിൽ ശമ്പളവും മറ്റ് ചെലവുകളും നടത്തുന്നത്.

കൊവിഡ് നിയന്ത്രണം തുടർന്നാൽ അടുത്തമാസം മുതൽ ജീവനക്കാരുടെ ശമ്പളത്തിലുൾപ്പെടെ നിയന്ത്രണം വേണ്ടിവരും.

ഒരുമാസത്തിനകം നിയന്ത്രണങ്ങളിൽ അയവ് വന്നാലും ക്ഷേത്രത്തിന്റെ നടവരവിൽ കാര്യമായ മാറ്റം അധികൃതർ പ്രതീക്ഷിക്കുന്നില്ല. കൊവിഡ് ഭീതിയും ലോക്ക് ഡൗണിനെ തുടർന്നുള്ള സാമ്പത്തിക ക്ളേശതയും കാരണം ഉടനെങ്ങും അയൽസംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ തനിച്ചോ സകുടുംബമായോ ദർശനത്തിനെത്താൻ സാദ്ധ്യത വിരളമാണ്. ഭക്തരുടെ സാന്നിദ്ധ്യമില്ലാതെ ചെയ്യാവുന്ന വഴിപാടുകളും മറ്റും ഓൺലൈനിൽ ബുക്ക് ചെയ്യാൻ സൗകര്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഈ സീസണിൽ ചെയ്യേണ്ടിയിരുന്നതും വിലയേറിയതുമായ ഉദയാസ്തമനപൂജ, പൊന്നും ശീവേലി തുടങ്ങിയ വഴിപാടുകളും പൂജകളുമെല്ലാം നിർത്തിവച്ചിരിക്കുകയാണ്. ഇവയെല്ലാം ബുക്ക് ചെയ്തവരുടെ സാന്നിദ്ധ്യത്തിൽ പിന്നീടേ നടത്താനാകൂ.

നിയന്ത്രണം തുടർന്നാൽ കാര്യങ്ങൾ പ്രതിസന്ധിയിലാകും

ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ പ്രവേശനത്തിന് വിലക്ക് വന്നതോടെ വരുമാനം നിലച്ചു. ആചാരങ്ങൾക്കോ ക്ഷേത്രസംബന്ധമായ കാര്യങ്ങൾക്കോ തടസം വരാത്തവിധം ചെലവുകൾ ചുരുക്കിയാണ് ഓരോദിവസവും കടന്നുപോകുന്നത്.തൽക്കാലം ശമ്പളത്തിനും നിത്യചെലവുകൾക്കും ബുദ്ധിമുട്ടില്ലെങ്കിലും കൊവിഡ് നിയന്ത്രണം തുടർ‌ന്നുപോയാൽ ഈമാസം മുതൽ കാര്യങ്ങൾ പ്രതിസന്ധിയിലാകും.

ഭക്തജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ഓൺലൈനായി പൂജകൾ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെ ഗ്യാരന്റിയില്ലാത്തതിനാൽ ബാങ്ക് ലോൺ പോലുള്ള ക്രമീകരണങ്ങൾക്കും തടസമുണ്ട്. പദ്മനാഭസ്വാമി ക്ഷേത്രത്തെ മാത്രമല്ല ഗുരുവായൂരുൾപ്പെടെ പ്രമുഖ ക്ഷേത്രങ്ങളെയും ദേവസ്വം ബോർഡിനെയും കൊവിഡ് നിയന്ത്രണം ബാധിച്ചിട്ടുണ്ട്.

വി.രതീശൻ, ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ, പദ്മനാഭസ്വാമി ക്ഷേത്രം.