
ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ പത്നിയും യു.എ.ഇ ഫുഡ് ബാങ്ക് അദ്ധ്യക്ഷയുമായ ഷെയ്‌കാ ഹിന്ദ് ബിന്ത് മക്തൂം ബിൻ ജുമ അൽ മക്തൂമിന്റെ റംസാൻ ജീവകാരുണ്യ പദ്ധതിയായ 'ഒരു കോടി ഭക്ഷണ"ത്തിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പത്തുലക്ഷം ദിർഹം (രണ്ടുകോടി രൂപ) നൽകി.
ഏകദേശം 1.25 ലക്ഷം ഭക്ഷണപ്പൊതികൾ നൽകുന്നതിനുള്ള തുകയാണിത്. നിർദ്ധനർക്കും പകർച്ചവ്യാധി ബാധിച്ചവർക്കും ഭക്ഷണം നൽകുകയാണ് ലക്ഷ്യമെന്ന് എം.എ. യൂസഫലി പറഞ്ഞു. റംസാനോട് അനുബന്ധിച്ച്, ഏറ്റവും അനുയോജ്യമായ സന്ദർഭത്തിലുള്ള ഈ മഹത് പദ്ധതിയിലേക്ക് സംഭാവന നൽകാനായതിൽ ചാരുതാർത്ഥ്യമുണ്ട്. സാമൂഹിക ഉത്തരവാദിത്തമായി കണ്ട്, പരമാവധി പേർ പദ്ധതിയിലേക്ക് സംഭാവന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് 25 കോടി രൂപയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും യൂസഫലി നൽകിയിരുന്നു. ഒട്ടേറെ സന്നദ്ധസംഘടനകൾക്കും അദ്ദേഹം സഹായം നൽകി. ബഹ്‌റിൻ, സൗദി അറേബ്യ സർക്കാരുകളുടെ ആശ്വാസ പ്രവർത്തനങ്ങളിലേക്ക് രണ്ടുകോടി രൂപവീതവും നൽകി.