vaccine

ബീജിംഗ്: ചൈനയിൽ റീസസ് കുരങ്ങുകളിൽ നടത്തിയ കൊവിഡ് വാക്‌സിൻ പരീക്ഷണം വിജയമെന്ന് റിപ്പോർട്ട്. പാർശ്വഫലങ്ങൾ ഇല്ലാത്തതിനെ തുടർന്ന് മനുഷ്യരിലും ഈ വാക്സിന്റെ പരീക്ഷണം ആരംഭിച്ചു.

ചൈന വികസിപ്പിച്ച മൂന്ന് കൊവിഡ് വാക്‌സിനുകൾക്കാണ് ക്ലിനിക്കൽ ട്രയലിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിൽ ഒരു വാക്‌സിൻ ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമി വികസിപ്പിച്ചതാണ്.

കഴിഞ്ഞദിവസം ബ്രിട്ടനിലെ ഓക്സ്‌ഫോർഡ് സർവകലാശാലയിൽ മനുഷ്യരിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചിരുന്നു.

കുരങ്ങുകളില‍െ പരീക്ഷണം വിജയിച്ചതിന് പിന്നാലെ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ 144 വോളണ്ടിയർമാരിൽ പരീക്ഷണം തുടങ്ങി. കൂടുതൽ അളവിലും കുറഞ്ഞ അളവിലും വാക്സിനുകൾ കുത്തിവയ്ക്കും. ആയിരത്തിലധികം ആളുകളെ ഉൾപ്പെടുത്തിയുള്ള രണ്ടാംഘട്ട പരീക്ഷണം മേയ് പകുതിയോടെ ആരംഭിക്കും.

 ബീജിംഗിലെ സിനോവാക് ബയോടെക് ആണ് പരീക്ഷണത്തിനു പിന്നിൽ.

 ഏപ്രിൽ 19നാണ് സിനോവാക് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്.

 ഇതിന് മുമ്പ് ഏപ്രിൽ 16ന് തന്നെ വാക്സിൻ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചെന്നാണ് റിപ്പോർട്ട്

 പ്രതിവിധി ഉടൻ

കൊവിഡ് വൈറസിനുള്ള വാക്സിൻ അടുത്ത വർഷം ആദ്യത്തോടെ പുറത്തിറക്കുമെന്ന് ചൈന.

'അഞ്ചുമാസത്തിനുള്ളിൽ ചൈനയുടെ കൊവിഡ് വാക്‌സിൻ റെഡിയാകും.

അടിയന്തര ഘട്ടങ്ങൾക്ക് ഉപയോഗിക്കാനുള്ളവ സെപ്തംബറിൽ സജ്ജമാക്കാൻ കഴിയും.' -ചൈനീസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ തലവൻ ഗാവോ ഫു പറഞ്ഞു.

ചൈനയിൽ കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടായാൽ അതിനു വേണ്ടിയുള്ള വാക്സിൻ തയാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്സിൻ ഇപ്പോൾ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലാണ്. ആരോഗ്യപ്രവർത്തകരിലടക്കം ഇത് പരീക്ഷിച്ചെന്നും ഗാവോ ഫു വെളിപ്പെടുത്തി.