തിരുവനന്തപുരം: ലോക മലമ്പനി നിവാരണ ദിനത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മേയർ കെ. ശ്രീകുമാർ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. പകർച്ചവ്യാധികൾ തടയുന്നതിനായി വീടുകളിൽ ഉറപ്പാക്കേണ്ട കാര്യങ്ങളടങ്ങിയ ലഘുലേഖയും മേയർ വിതരണം ചെയ്‌തു. പ്ലാമൂട് ടി.പി.ജെ നഗറിലാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മേയർ എത്തിയത്. നൂറ് വാർഡുകളിലും വാർഡ് കൗൺസിലർമാരുടെ അദ്ധ്യക്ഷതയിൽ ശുചിത്വ പരിപാലന സമിതി യോഗങ്ങൾ ചേർന്നു. വീടുകൾ കേന്ദ്രീകരിച്ച് സോഴ്സ് റിഡക്ഷൻ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തും. ഇതിനായി ഓരോ വാർഡിനും 35,000 രൂപ അനുവദിച്ചു. ഇതുവരെ 20,000 വീടുകളിൽ സോഴ്സ് റിഡക്ഷൻ നടന്നു.