സോൾ : ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹായത്തിനായി ചൈന മെഡിക്കൽ സംഘത്തെ അയച്ചതായി റിപ്പോർട്ട്. കിം ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങൾക്കിടെ ഡോക്ടർമാരും ആരോഗ്യവിദഗ്ദ്ധരും അടങ്ങുന്ന സംഘത്തെയാണ് ചൈന അയച്ചതെന്ന് ചൈനീസ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ നേതൃത്വത്തിലാണ് വിദഗ്ദ്ധസംഘം ഉത്തരകൊറിയയിലേക്ക് യാത്ര തിരിച്ചത്.
എന്നാൽ, ഈ വാർത്തയോട് ചൈന പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് കിം ജോങ് ഉൻ ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നും അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, വാർത്തകൾ നിഷേധിച്ച് ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. അമേരിക്കൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ട വാർത്തകൾ വ്യാജമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു.