kjima-khatun-

ന്യൂഡൽഹി : ഇന്ത്യൻ മദ്ധ്യദൂര ഒാട്ടക്കാരി ജുമാ ഖാത്തൂൻ ഉത്തേജകമരുന്നടിച്ചതായി അന്താരാഷ്ട്ര ഡോപ്പിംഗ് ഏജൻസിയുടെ (വാഡ) പരിശോധനയിൽ തെളിഞ്ഞതിനെത്തുടർന്ന് നാലുവർഷത്തെ വിലക്ക് വിധിച്ചു.

2018 ജൂണിൽ ഗോഹട്ടിയിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിനിടെ ശേഖരിച്ച സാമ്പിളിലാണ് സ്റ്റിറോയിഡിന്റെ അംശം കണ്ടെത്തിയത്. ഇൗ മീറ്റിൽ 1500,5000 മീറ്ററുകളിൽ ജുമാ വെങ്കലങ്ങൾ നേടിയിരുന്നു. ഇൗ സാമ്പിൾ ആദ്യം പരിശോധിച്ച ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി ലാബിൽ ഉത്തേജകം കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇവിടുത്തെ പരിശോധനാഫലങ്ങളിൽ സംശയം തോന്നിയ വാഡ അധികൃതർ മോൺട്രിയലിലെ ലാബിലയച്ച് വീണ്ടും പരിശോധന നടത്തിക്കുകയായിരുന്നു.

ഡിഹൈഡ്രോക്ളോറോ മീതൈൽ ടെസ്റ്റോസ്റ്റിറോൺ എന്ന ഉത്തേജകത്തിന്റെ സാന്നിദ്ധ്യമാണ് കാനഡയിലെ പരിശോധനയിൽ കണ്ടെത്തിയത്. ദേശീയ ലാബിലെ പരിശോധനയിൽ നെഗറ്റീവാകുകയും കാനഡയിലെ ലാബിൽ പോസിറ്റീവ് ആവുകയും ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള നാലാമത്തെ കേസാണിത്. 2017ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണമെഡലിസ്റ്റ് നിർമല ഷെയ്റോൺ അടക്കമുള്ളവരുടെ ഫലങ്ങളിൽ ഇങ്ങനെ സംഭവിച്ചിരുന്നു.

2018 ജൂൺ 29 മുതൽ നവംബർ 21വരെയുള്ള ജുമാ ഖാത്തൂനിന്റെ മത്സരഫലങ്ങൾ മരവിപ്പിച്ചിട്ടുണ്ട്.