ന്യൂഡൽഹി : ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ പന്തിന് തിളക്കം കൂട്ടാൻ തുപ്പൽ ഉപയോഗിക്കുന്നത് നിരോധിക്കാനുളള ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ നീക്കത്തിന് എതിരഭിപ്രായവുമായി മുൻ ഇന്ത്യൻ താരങ്ങളായ ആശിഷ് നെഹ്‌റയും ഹർഭജൻ സിംഗും.കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തുപ്പൽ പുരട്ടുന്നത് നിരോധിക്കാൻ ഐ.സി.സി ആലോചിക്കുന്നത്.

വിയർപ്പോ തുപ്പലോ ഉപയോഗിച്ച് തിളക്കം വർദ്ധിപ്പിച്ചില്ലെങ്കിൽ പന്ത് സ്വിംഗ് ചെയ്യില്ലെന്നാണ് നെഹ്റ പറയുന്നത്. തുപ്പലിനും വിയർപ്പും കഴിഞ്ഞേ ഇക്കാര്യത്തിൽ വാസ്‌ലൈനോ കുപ്പിയുടെ അടപ്പോ സാൻഡ്പേപ്പറോ മറ്റ് എന്തെങ്കിലും പ്രയോജനപ്പെടുകയുളളൂവെന്നും നെഹ്റ പറയുന്നു. 1976ലെ ഇന്ത്യയുടെ ഇംഗ്ളണ്ട് പര്യടനത്തിൽ ഇംഗ്ളീഷ് പേസർമാർ വാസ്‌ലൈൻ മാത്രം പുരട്ടി സ്വിംഗ് ചെയ്യിച്ചു എന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും വിയർപ്പോ തുപ്പലോ പുരട്ടിയശേഷം മാത്രമായിരിക്കും വാസ്‌ലൈൻ പുരട്ടിയതെന്നും നെഹ്റ പറഞ്ഞു.

ച്യൂയിംഗം ചവച്ച ശേഷമുള്ള തുപ്പൽ പുരട്ടുന്നത് തന്നെയാണ് സ്വിംഗ് ലഭിക്കാൻ ഏറ്റവും ബെസ്റ്റെന്ന് ഹർഭജനും സാക്ഷ്യപ്പെടുത്തുന്നു.