india-post

ന്യൂഡൽഹി: ആധാർ അധിഷ്‌ഠിത പേമെന്റ് സംവിധാനം (എ.ഇ.പി.എസ്) പ്രയോജനപ്പെടുത്തി കഴിഞ്ഞ ഒരുമാസത്തിനിടെ തപാൽ വകുപ്പ് വീടുകളിലെത്തി വിതരണം ചെയ്‌തത് 412 കോടി രൂപ. മാർച്ച് 24 മുതൽ ഏപ്രിൽ 23 വരെയുള്ള കണക്കാണിത്. ഇന്ത്യാ പോസ്‌റ്റ് പേമെന്റ്സ് ബാങ്കിന്റെ മാത്രമല്ല, ഏത് ബാങ്കിന്റെ ഇടപാടുകാരനും പ്രയോജനപ്പെടുത്താവുന്നതാണ് തപാൽ വകുപ്പിന്റെ ഈ 'വീട്ടുപടിക്കൽ ബാങ്കിംഗ്" സൗകര്യം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്നത് നിർബന്ധമാണ്.

വീട്ടിൽ നിന്ന് തൊട്ടടുത്ത ബാങ്ക് ശാഖയിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ളവർക്കും ബാങ്കിംഗ് സേവനം ലഭ്യമാകാത്ത മേഖലയിലുള്ളവർക്കും സഹായകമാണ് ഈ പദ്ധതി. പണം വേണ്ടവർ, തൊട്ടതുത്ത പോസ്‌റ്റ് ഓഫീസുമായി ബന്ധപ്പെട്ടാൽ, പോസ്‌റ്റ്മാൻ/വുമൺ വീട്ടിലെത്തി എ.ഇ.പി.എസ് മെഷീൻ വഴി പണം നൽകും. ഒറ്റത്തവണ പരമാവധി 10,000 രൂപ ഇത്തരത്തിൽ പിൻവലിക്കാം. ഒരുമാസം പരമാവധി 50,000 രൂപ.

ഒട്ടേറെ പെൻഷൻകാർക്കും ഈ പദ്ധതി പ്രയോജനപ്രദമാണ്. കേരളത്തിൽ 48 കോടിയിലേറെ രൂപയുടെ ക്ഷേമ പെൻഷനുകളും 16 കോടിയിലേറെ രൂപയുടെ സർവീസ് പെൻഷനുകളും ഇത്തരണത്തിൽ വിതരണം ചെയ്‌ത് തപാൽ വകുപ്പ് മികച്ച പ്രകടനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.