pinarayi-vijayan

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായുള്ള ധനസമാഹരണത്തിന് വേണ്ടി സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം ശമ്പളം അഞ്ച് മാസമായി പിടിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കത്തിച്ചുകൊണ്ട് ഏതാനും അദ്ധ്യാപകർ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമങ്ങളിലൂടെ ഉത്തരവ് കത്തിക്കുന്നത് കണ്ടപ്പോൾ കൊവിഡ് ധനസമാഹരണത്തിന് വേണ്ടിയുള്ള കുട്ടികളുടെ സമർപ്പണമാണ് തനിക്ക് ഓർമ്മ വന്നതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഷു കൈനീട്ടവും മറ്റുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കുട്ടികളുടെ പേരുകൾ എടുത്ത് പറഞ്ഞത് അവരുടെ മനസിന്റെ വലിപ്പം പുറത്തറിയുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാലറി ചലഞ്ച് ഉത്തരവ് കത്തിച്ചത് മനോഭാവത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതുഘട്ടത്തിലും സഹജീവികളോട് നാം കരുണ കാട്ടുകയാണ് വേണ്ടതെന്നും വേലയും കൂലിയും ഇല്ല്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരുണ്ടെന്നും ഉത്തരവ് കത്തിച്ചവർ അക്കാര്യം ഓർക്കണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഉത്തരവ് കത്തിച്ചവർ സാധാരണ നിലയിൽ അത് ചെയ്യാൻ പാടില്ലാത്തതാണെന്നും നാട് അവരെ പരിഹാസ്യരായി കാണുമെന്ന കാര്യം ഉത്തരവ് കത്തിച്ചവർ ചിന്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതേസമയം കേരളത്തിന്റെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ കേന്ദ്രം തൃപ്തി അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് ക്യാബിനറ്റ് സെക്രട്ടറി കേരളത്തെ അഭിനന്ദിച്ചത്. മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.