raghuram-rajan

ന്യൂഡൽഹി: കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയെ പരമ്പരാഗത ആയുധങ്ങൾ കൊണ്ട് ഇന്ത്യയ്ക്ക് നേരിടാനാവില്ലെന്നും വേണ്ടത് പുതിയ മന്ത്രമാണെന്നും റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ഡോ. രഘുറാം രാജൻ പറഞ്ഞു. അനുയോജ്യമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ വേണം. അതിനായി, ആദ്യം രാഷ്‌ട്രീയ ഐക്യം രൂപപ്പെടണമെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് ഏറെക്കാലം ലോക്ക്ഡൗണിൽ കഴിയാനാവില്ല. ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കുന്നതും അഭികാമ്യമല്ല. ഗ്രീൻ സോണുകൾ തിരച്ചറിഞ്ഞ്, ഘട്ടംഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുന്നതാണ് നന്ന്. നിലവിൽ, ഉത്‌പന്നങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതിനാൽ നാണയച്ചുരുക്കത്തിന് (ഡിഫ്ളേഷൻ) സാദ്ധ്യതകളുണ്ട്. എങ്കിലും, നാണയപ്പെരുപ്പ (ഇൻഫ്ളേഷൻ) നിയന്ത്രണ ലക്ഷ്യം മുറുകെപ്പിടിച്ചുള്ള പ്രവർത്തനം നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകും.

സാമ്പത്തിക സ്ഥിരതയ്ക്കും അതാണ് നല്ലത്. കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമ്പോൾ രൂപയുടെ മൂല്യത്തെ അത് ഉലയ്ക്കാതെ നോക്കണമെന്ന് പറഞ്ഞ രാജൻ, നാണയപ്പെരുപ്പവും അതുവഴി പലിശനിരക്കും കൂടാൻ സാഹചര്യം സൃഷ്‌ടിക്കരുതെന്നും അഭിപ്രായപ്പെട്ടു.

'ഈ നാട്ടിൽ കഴിവുള്ള

മുഖ്യമന്ത്രിമാരുണ്ട്"

എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തീരുമാനിക്കുന്നതിനെ രഘുറാം രാജൻ വീണ്ടും വിമർശിച്ചു. സ്വകാര്യ മേഖലയിലും കഴിവുള്ളവരുണ്ട്. മികച്ച പ്രവർത്തനം നടത്തുന്ന ഒരുപാട് മുഖ്യമന്ത്രിമാരുണ്ട്. എല്ലാവരെയും സംയോജിപ്പിച്ചുള്ള പ്രവർത്തനത്തിന് കേന്ദ്രം തയ്യാറാകണം. കൊവിഡിനും മാന്ദ്യത്തിനും എതിരായ പോരാട്ടത്തിൽ അത് ഗുണം ചെയ്യുമെന്നും രാജൻ പറഞ്ഞു.