amit-shah

കൊൽക്കത്ത: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിനെ സഹായിക്കുന്നതിനായും ലോക്ക്ഡൗൺ സാഹചര്യങ്ങൾ വിലയിരുത്താനായും പശ്ചിമ ബംഗാളിലേക്ക് എത്തിയ ആരോഗ്യ വിദഗ്ദറം ഉദ്യോഗസ്ഥരുമടങ്ങുന്ന കേന്ദ്ര സമിതിക്ക് മമത സർക്കാർ വീണ്ടും തടസങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെ കുറിച്ചുള്ള വിവരങ്ങളും വേണ്ട സഹായവും പിന്തുണയും മമത സർക്കാർ നൽകുന്നില്ലെന്നും വിവിധ സ്ഥലങ്ങളിൽ സന്ദർശനങ്ങൾ നടത്താനുള്ള അനുമതി നൽകാൻ വിമുഖത കാട്ടുന്നുവെന്നുമാണ് സമിതി പരാതി പറയുന്നത്.

മാത്രമല്ല സംസ്ഥാന സർക്കാരിന്റെ രോഗപ്രതിരോധ മാർഗങ്ങളിൽ കാര്യമായ പോരായ്മകളുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന പൊലീസിന്റെ അനുമതിയില്ലാതെ സമിതി അംഗങ്ങൾ അവർ താമസിക്കുന്ന ബി.എസ്.എഫ് ഗസ്റ്റ്ഹൗസിന് പുറത്തിറങ്ങരുതെന്നും മമത സർക്കാർ നിർദേശിച്ചതായി സമിതിയെ നയിക്കുന്ന അപൂർവ ചന്ദ്ര ഐ.എ.എസ് പറയുന്നു. ഇതുവരെ ആറ് മണിക്കൂർ മാത്രമാണ് തങ്ങൾ ഫീൽഡിൽ ചിലവഴിച്ചതെന്നും രണ്ട് സ്ഥലങ്ങൾ മാത്രമേ സന്ദർശിക്കാൻ കഴിഞ്ഞുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രം നിർദേശത്തെ തുടർന്ന് എത്തിയ സംഘം സംസ്ഥാനത്തിന്റെ അനാവശ്യ വിലക്കുകൾ കാരണം മൂന്ന് ആശുപത്രികളും ഒരു ക്വാറൻന്റൈൻ സെന്ററും മാത്രമേ ഇതുവരെ സന്ദർശിച്ചിട്ടുള്ളൂ. ഏതായാലും കേന്ദ്ര സമിതി ബംഗാളിൽ തടസങ്ങൾ നേരിടുന്ന വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെവിയിലും എത്തിയിട്ടുണ്ട്. മമതയുടെ നിലപാട് ഷായെ അസ്വസ്ഥനാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ വിഷയത്തിൽ അദ്ദേഹം ഇടപെടുമെന്നും സൂചനയുണ്ട്.

സംസ്ഥാനത്തേക്ക് കേന്ദ്ര സമിതിയെ അയക്കാനുള്ള കേന്ദ്ര തീരുമാനത്തെ തുടക്കം മുതൽ തന്നെ മുഖ്യമന്ത്രി മമത ബാനർജി സംശയദൃഷ്ടിയോടെയാണ് കണ്ടിരുന്നത്. മുൻപും സമിതിയിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര തീരുമാനത്തെ ധിക്കരിക്കാൻ മമത മുതിർന്നിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ ആഭ്യന്തര മന്ത്രാലയം വഴി സംസ്ഥാനത്തിന് ശക്തമായ മുന്നറിയിപ്പ് നൽകിയപ്പോഴാണ് കേന്ദ്രത്തിന്റെ ലോക്ക്ഡൗൺ നിർദേശങ്ങൾ സംസ്ഥാനം പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ മമത സർക്കാർ സമിതിയെ അനുവദിച്ചത്. ആഭ്യന്തര മന്ത്രാലയം ഒരു കത്തിലൂടെയാണ് മമത സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നത്.