തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിൽ നിബന്ധനകളോടെ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകൾ. സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ തുറന്നുപ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കടകളിൽ പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജീവനക്കാർ മാസ്‌ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏപ്രിൽ15ലെ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് മേയ് ഒന്നാം തീയതി മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതൽകടകൾ വൃത്തിയാക്കി തുടങ്ങും. ഒന്നാം തിയതി മുതൽകച്ചവടം തുടങ്ങാനാണ് തീരുമാനമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നല്‍കിയിരിക്കുന്നത്.
ചെറിയ കടകൾ ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയുള്ള ഉത്തരവ് വെള്ളിയാഴ്ച അർദ്ധരാത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.
ഷോപ്പിംഗ് മാളുകളൊഴികെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ കടകളും തുറക്കാൻ അനുവാദമുണ്ട്.
നഗരങ്ങളിൽ, താമസകേന്ദ്രങ്ങൾക്കു സമീപത്തുള്ള എല്ലാ കടകളും തുറക്കാം. മാർക്കറ്റുകളിലെയും കച്ചവടകേന്ദ്രങ്ങളിലെയും കടകളും ഷോപ്പിംഗ് മാളുകളും തുറക്കാൻ അനുവാദമില്ല. ഇ കൊമേഴ്‌സ് കമ്പനികളിലൂടെ അവശ്യവസ്തുക്കൾ മാത്രം വിൽപ്പനക്കുള്ള അനുവാദം തുടരും. മദ്യവും മറ്റ് അനുബന്ധവസ്തുക്കളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്നതായും ഉത്തരവിൽ വ്യക്തമാക്കുന്നു.