facebook

കൊച്ചി: ലോക്ക്ഡൗണിൽ യോഗം ചേരുന്നത് നിരോധിച്ചതിന്റെ പിൻബലത്തിൽ വൻ സ്വീകാര്യത നേടിയ സൂം വീഡിയോ ചാറ്രിംഗ് ആപ്പിനെ വെല്ലാൻ ഫേസ്‌ബുക്ക് ' മെസഞ്ചർ റൂംസ്" എന്ന സംവിധാനം അവതരിപ്പിക്കുന്നു. അമേരിക്കയിൽ ഈമാസം തന്നെ മെസഞ്ചർ റൂംസ് ലോഞ്ച് ചെയ്യുമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് വ്യക്തമാക്കി.

2019ൽ ആഗോളതലത്തിൽ ഒരുകോടി ഉപഭോക്താക്കൾ മാത്രമുണ്ടായിരുന്ന സൂം ആപ്പിന് 2020ൽ മൂന്നരമാസം പിന്നിട്ടപ്പോഴേക്കും ലഭിച്ചത് 30 കോടി സജീവ ഉപഭോക്താക്കളെയാണ്. ഒരേസമയം 50 പേർക്ക് വരെ ഒന്നിച്ച് പങ്കെടുക്കാവുന്ന സൗകര്യമാണ് മെസഞ്ചർ റൂംസ് ഒരുക്കുന്നത്. ഫേസ്‌ബുക്കിന് കീഴിലുള്ള മെസഞ്ചർ, വാട്‌സ്ആപ്പ് എന്നിവ മുഖേന ആഗോളതലത്തിൽ പ്രതിദിനം 70 കോടി വീഡിയോ കാളുകൾ ചെയ്യപ്പെടുന്നുണ്ട്. സൂം ആപ്പ് സുരക്ഷിതമല്ലെന്നും ഡേറ്രാ ചോർച്ച ഉണ്ടായേക്കുമെന്നും അടുത്തിടെ കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.