മീററ്റ്: കൊവിഡ് പ്രതിരോധ മാർഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം ജനങ്ങൾ ഏറെ നാളുകളായി വീടുകളിൽ കഴിയുന്നത് ജനസംഖ്യ വർദ്ധിക്കാൻ കാരണമാകുമോ എന്ന ആശങ്കയിൽ ആരോഗ്യ വിദഗ്ധർ. ലോക്ക്ഡൗൺ നിമിത്തം ആളുകൾക്ക് മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ കുറയുന്നതും കൂടുതൽ സമയം പങ്കാളിയോടൊത്ത് ചിലവഴിക്കുന്നതും ജനസംഖ്യാ കൂടുന്നതിന് കാരണമാകുമെന്നാണ് ആരോഗ്യ പ്രവർത്തകർ കരുതുന്നത്.
ഈ പ്രതിസന്ധി മുന്നിൽ കണ്ട് ജനങ്ങൾക്ക് ഗർഭനിരോധന ഉറകളും ഗുളികകളും വിതരണം ചെയ്യുകയാണ് ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ഭരണകൂടം. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഗർഭ നിരോധ ഉറകൾ ഉൾപ്പെടെയുള്ള കിറ്റുകൾ ഓരോ കുടുംബങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് ഗർഭ നിരോധ ഗുളികകളും പുരുഷന്മാർക്ക് കോണ്ടവുമാണ് വിതരണം ചെയ്യുന്നത്. ആശാവർക്കർമാരടക്കം സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ചാണ് ഇവ ജനങ്ങൾക്ക് ഭരണകൂടം നൽകുന്നത്.
സർക്കാരിന്റെ കുടുംബാസൂത്രണ നയങ്ങൾ പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നതെന്നാണ് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നത്. നിലവിൽ 30,000 ഗർഭ നിരോധ ഉറകളാണ് വിതരണം ചെയ്തിട്ടുള്ളത്. കിറ്റുകൾ വിതരണം ചെയ്യുന്നതിനൊപ്പം ഇവയുടെ ഉപയോഗവും അതുവഴിയുണ്ടാകുന്ന ഗുണങ്ങളും സർക്കാരിന്റെ കുടുംബാസൂത്രണ നയത്തേപ്പറ്റിയും ആശാവർക്കർമാർ ജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നുണ്ട്.