ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ച ഡോ.സൈമണിന്റെ മൃതദേഹം പുറത്തെടുത്ത് പള്ളി സെമിത്തേരിയിൽ സംസ്കരിക്കണമെന്ന ഭാര്യ ആനന്ദിയുടെ അപേക്ഷ ചെന്നൈ കോർപ്പറേഷൻ തള്ളി. കൊവിഡ് ബാധിതനായി മരിച്ച വ്യക്തിയുടെ മൃതദേഹം പുറത്തെടുക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിച്ചത് മൂലമാണ് അപേക്ഷ നിരാകരിച്ചത്.
മൃതദേഹം കിൽപ്പാക്കിലെ സെമത്തേരിയിൽ സംസ്കരിക്കുന്നത് കൊവിഡ് പകരാൻ ഇടയാക്കുമെന്നാരോപിച്ച് ജനങ്ങൾ പ്രതിഷേധിക്കുകയും അക്രമാസ്കതരാവുകയും ചെയ്തിരുന്നു. പിന്നീട്, പൊലീസ് സുരക്ഷയിൽ പാതിരാത്രിയോടെ വെലങ്കാട് ശ്മശാനത്തിലാണ് സംസ്കരിച്ചത്. ഇതിനെ തുടർന്ന്, കിൽപ്പാക്കിലെ പള്ളി സെമിത്തേരിയിൽ ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കണമെന്ന് ആനന്ദി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോടും ചെന്നൈ കോർപ്പറേഷൻ അധികൃതരോടും ആവശ്യപ്പെടുകയായിരുന്നു.