ഇസ്താംബുൾ: തുർക്കിയിൽ നീതിപൂർവമായ വിചാരണ വേണമെന്നാവശ്യപ്പെട്ട് 297 ദിവസമായി ജയിലിൽ നിരാഹാര സമരം നടത്തിവന്ന യുവാവ് മരിച്ചു. നിരോധിത മാർക്സിറ്റ്സ് സംഘടനയായ ഡി.എച്ച്.കെ പി.സിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തുർക്കിയിലെ ഇസ്മിർ പ്രവിശ്യയിലെ സക്റാൻ ജയിലിൽ 2017 മുതൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മുസ്തഫ കൊചാക് (28) ആണ് മരിച്ചത്. ഡി.എച്ച്.കെ.പി.സിക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ചുകൊടുത്തുവെന്നായിരുന്നു മുസ്തഫയ്ക്ക് എതിരായ കേസ്. കള്ളസാക്ഷി പറയാൻ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് കുടുക്കുകയായിരുന്നുവെന്ന് മുസ്തഫ കോടതിയിൽ മൊഴി നൽകി. മുസ്തഫയ്‌ക്കെതിരെ പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കിയില്ലെങ്കിലും കോടതി അദ്ദേഹത്തെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ഇതിനെതിരെ നീതിയുക്തമായ വിചാരണ ആവശ്യപ്പെട്ടാണ് മുസ്തഫ നിരാഹാര സമരം ആരംഭിച്ചത്. മുസ്‌തഫയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കുടുംബം കഴിഞ്ഞ ആഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയിലിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുസ്തഫയുടെ സുരക്ഷ ആവശ്യപ്പെട്ട് തടവറയ്ക്ക് മുന്നിലെത്തിയ മാതാപിതാക്കൾക്കെതിരെ ലോക്ക്ഡൗൺ ലംഘിച്ചതിന് വൻ തുക പിഴ ചുമത്തിയത് വിവാദമായിരുന്നു. തുർക്കിയിലെ ജനപ്രിയ സംഗീത ബാൻഡായ യോറത്തിലെ ഗായിക ഹെലിൻ ബോലെക് 288 ദിവസത്തെ നിരാഹാര സമരത്തെ തുടർന്ന് മൂന്നാഴ്ച മുമ്പ് മരിച്ചിരുന്നു. ഇവരോടൊപ്പം നിരാഹാരം ആരംഭിച്ച ഗായകൻ ഇബ്രാഹിം ഇബ്രാഹിം ഗോക്ചുക്കിന്റെ സമരം 312 ദിവസം പിന്നിട്ടു. ഇയാളുടെ നില അതീവഗുരുതരമാണ്. ഡി.എച്ച്.കെ പി.സിയുമായി ബന്ധം ആരോപിച്ചാണ് യോറത്തെ സർക്കാർ വേട്ടയാടുന്നത്. അഭിഭാഷകരായ ഇബ്രു തിംതിക്, അയ്താക് ഉസൽ യോറം പ്രവർത്തകരായ ദിദേം അസ്മാൻ, ഒസ്ഗൂർ കരേകായ എന്നിവരും സമരത്തിലാണ്.