anna

മാഡ്രിഡ്: ലോകം മുഴുവൻ കൊവിഡ് -19 മരണഭീതിയുടെ ഇരുൾ പരത്തുമ്പോൾ പ്രതീക്ഷയുടെ വെളിച്ചമേകി പാൽപ്പുഞ്ചിരി തൂകുകയാണ് അന ദേൽ വാലി എന്ന മുത്തശ്ശി. 107 വർഷത്തെ ജീവിതത്തിനിടയിൽ ഈ പോരാളി തോൽപ്പിച്ചത് രണ്ട് മഹാമാരികളാണ്. 102 വർഷം മുമ്പ് ലോകത്തെ 50കോടി പേരെ ബാധിച്ച സ്പാനിഷ് ഫ്ളൂവിനെ, അന്ന് അഞ്ചുവയസുണ്ടായിരുന്ന അന അതിജീവിച്ചു. ഇപ്പോൾ ലോകത്ത് 28 ലക്ഷം പേരെ ബാധിച്ച കൊവിഡ് -19 എന്ന വൈറസിനെയും തോൽപ്പിച്ചു. സ്‌പെയിനിലെ ഇംഗ്ളീഷ് ദിനപ്പത്രമായ ദ ഒലിവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 1913ൽ ജനിച്ച അനയ്ക്ക് 1918ലാണ് സ്പാനിഷ് ഫ്ളൂ ബാധിച്ചത്. ദിവസങ്ങളോളം ആശുപത്രിയിൽ കിടന്ന അന മരണത്തിന്റെ വക്കിൽ നിന്ന് അദ്ഭുതകരമായാണ് രക്ഷപെട്ടത്. കഴിഞ്ഞ എട്ടുവർഷമായി സ്‌പെയിനിലെ നഴ്സിംഗ് ഹോമിലാണ് താമസിച്ചിരുന്നത്. അവിടെ ഒരു ജീവനക്കാരന് കൊവീഡ് സ്ഥിരീകരിച്ചു. അന്തേവാസികളിൽ നടത്തിയ പരിശോധനയിൽ അനയ്ക്കും കൊവീഡ് പോസിറ്റീവ് എന്നു കണ്ടു. തുടർന്ന് അനയെ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം നീണ്ടു നിന്ന ചികിത്സയ്ക്കൊടുവിൽ അന മുത്തശ്ശി കൊവിഡ് മുക്തയായി. പ്രായമായവരിൽ ഏറ്റവും അപകടസാദ്ധ്യതയുള്ള കൊവിഡിനെ 107-ാം വയസിൽ പരാജയപ്പെടുത്തിയെന്ന ഖ്യാതിയോടെയാണ് മുത്തശ്ശി ആശുപത്രി വിട്ടത്. സ്പെയിനിൽ ഇതുവരെ കൊവിഡ് ബാധിച്ച് 22,000ത്തിലധികം പേർ മരിച്ചു. 2.23 ലക്ഷം രോഗികളുണ്ട്. സ്പാനിഷ് ഫ്ളൂ ലോകത്ത് 1918 ജനുവരി മുതൽ1920 വരെ 36 മാസം നീണ്ടു നിന്ന മഹാമാരിയാണ് സ്പാനിഷ് ഫ്ലൂ. അന്നത്തെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തേയും ഇത് ബാധിച്ചു. 17മുതൽ 50 ലക്ഷം പേർക്ക് ജീവൻ നഷ്ടമായി. അമേരിക്കയിൽ നിന്നാണിത് പൊട്ടിപ്പുറപ്പെട്ടത്.