ദുബായ്: ഗൾഫ് രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനയോടെ റംസാൻ വ്രതാനുഷ്ഠാനത്തിലേക്ക് കടക്കുമ്പോഴും കൊവിഡിന്റെ ആക്രമണം തുടരുന്നു. ആറു ഗൾഫ് രാജ്യങ്ങളിലുമായി കൊവിഡ് ബാധിച്ചുള്ള മരണം 234 ആയി. ഇന്നലെ 3000ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 40,000ത്തോളമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനഞ്ചുപേരാണ് ഗൾഫിൽ മരിച്ചത്.മലയാളി ഉൾപ്പെടെ എട്ട് പേരാണ് ഇന്നലെ യു.എ.ഇയിൽ മരിച്ചത്. ആകെ മരണം 64. ആറു പേർ കൂടി മരിച്ച സൗദിയിൽ മരണം 127ൽ എത്തി. കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലും ഓരോ രോഗികൾ മരിച്ചു.
സൗദിയിൽ മാത്രം രോഗികളുടെ എണ്ണം 15,000 പിന്നിട്ടു. ഖത്തർ, യു.എ.ഇ, ബഹ്റൈൻ ഉൾപ്പെടെ രോഗികളുടെ എണ്ണം ഉയർന്നു. 6500ലേറെ പേർക്ക് രോഗം ഭേദമായത് ആശ്വാസമേകുന്നു.
വൻ തോതിലാണ് കൊവിഡ് പരിശോധന തുടരുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ ഫീൽഡ് ആശുപത്രികളും ക്വാറന്റൈൻ കേന്ദ്രങ്ങളും തുറന്നു. കൂടുതൽ ഗൾഫ് രാജ്യങ്ങൾക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
യു.എ.ഇയിൽ ഷോപ്പിംഗ് മാളുകൾ, സർക്കാർ ഓഫീസുകൾ, റസ്റ്റോറന്റുകൾ ,മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗതങ്ങൾ നിയന്ത്രണങ്ങളോടെ ധനകാര്യ സ്ഥാപനങ്ങളും ഇന്ന് പ്രവർത്തനം ആരംഭിക്കും. മാളുകളിൽ 60 വയസിന് മുകളിലുള്ളവരെയും 3മുതൽ 12 വയസുവരെയുള്ള കുട്ടികളെയും പ്രവേശിപ്പിക്കില്ല. വ്യായാമം ചെയ്യാൻ നിശ്ചിത സമയത്ത് പുറത്തിറങ്ങാം. റംസാനിൽ അടുത്ത ബന്ധുക്കളെ സന്ദർശിക്കാം. അഞ്ചിലേറെപ്പേർ ഒത്തുകൂടരുത്. പൊലീസ് അനുമതി ഉണ്ടെങ്കിലേ പുറത്തിറങ്ങാനാകൂ എന്ന നിബന്ധന നീക്കിയെങ്കിലും രാത്രി 10നു ശേഷം നിയന്ത്രണം തുടരും.
ഒമാനിലും കുവൈറ്റിലും കർശന നിയന്ത്രണം തുടരും. റംസാൻ ഒത്തുചേരലുകൾക്കും വിലക്കുണ്ട്. കുവൈത്തിൽ 85 ഇന്ത്യക്കാർക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റിലായി.
ദുബായിൽ റംസാൻ പ്രമാണിച്ച് ഭാഗിക ഇളവ് നൽകി. സഹകരണ സംഘങ്ങൾ, പലചരക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. മാംസം, പച്ചക്കറികൾ, പഴങ്ങൾ, റോസ്റ്ററികൾ, മില്ലുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് രാവിലെ ആറു മുതൽ രാത്രി 10 മണി വരെ പ്രവർത്തിക്കാം.
സ്വന്തം പൗരന്മാരെ തിരികെ കൊണ്ടുപോകാൻ തയ്യാറാകാത്ത രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് കുവൈറ്റ് എം.പിമാർ പറഞ്ഞു. അനധികൃത താമസക്കാർക്ക് രാജ്യം വിടാൻ പൊതുമാപ്പ് നൽകിയിട്ടും സ്വന്തം രാജ്യത്ത് അവരെ പ്രവേശിപ്പിക്കില്ലെന്ന നിലപാട് പ്രതിഷേധാർഹമാണ്. 4000 ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. സ്വന്തം പൗരന്മാർക്ക് ക്യാമ്പുകളിൽ സൗകര്യമൊരുക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയ്യാറാകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങൾ, മരണസംഖ്യ, രോഗബാധിതർ യു.ഇ.എ 9,281 64 ഖത്തർ 9358 10 കുവൈറ്റ് 2892 19 ബഹ്റൈൻ 2,518 8 ഒമാൻ 1,905 10 സൗദി അറേബ്യ 15,102 127