ravi-vallathol

തിരുവനന്തപുരം:ഇന്നലെ അന്തരിച്ച രവി വള്ളത്തോൾ ഗാനരചനയിലൂടെ സിനിമയിൽ എത്തിയെങ്കിലും പ്രേക്ഷകമനസ്സിൽ ഇടം നേടിയത് സീരിയൽ താരമെന്ന നിലയിലാണ്. കുടുംബ പാരമ്പര്യമായി ലഭിച്ച സാഹിത്യാഭിരുചി കഥാ രചനയിലേക്കും അദ്ദേഹത്തെ നയിച്ചു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിരുദവും കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിൽ നിന്നു ബിരുദാനന്തര ബിരുദവും നേടി.

1976ൽ മധുരം തിരുമധുരം എന്ന ചിത്രത്തിനുവേണ്ടി 'താഴ്‌വരയിൽ മഞ്ഞുപെയ്തു' എന്ന ഗാനം രചിച്ചുകൊണ്ടാണ് സിനിമാ രംഗത്തെത്തിയത്. പി.ഭാസ്‌കരൻ സംവിധാനം ചെയ്ത ദൂരദർശനിലെ ആദ്യ സീരിയലുകളിലൊന്നായ 'വൈതരണി'യിൽ നായകവേഷം അവതരിപ്പിച്ചായിരുന്നു അഭിനയരംഗത്തേക്കുള്ള പ്രവേശം. പ്രേക്ഷകശ്രദ്ധ നേടിയ ഈ സീരിയലിന്റെ തിരക്കഥ അച്ഛൻ ടി.എൻ. ഗോപിനാഥൻ നായരുടേതായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'രേവതിക്കൊരു പാവക്കുട്ടി' എന്ന സിനിമയുടെ കഥയും രവി വള്ളത്തോളിന്റേതാണ്. ശ്രീ ഗുരുവായൂരപ്പൻ, വസുന്ധരാ മെഡിക്കൽസ് തുടങ്ങി നൂറോളം സീരിയലുകളിൽ വേഷമിട്ടു.

1987ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതിതിരുനാൾ എന്ന സിനിമിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് അഭിനേതാവായത്. തുടർന്ന് മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മിഷണർ തുടങ്ങി നാല്പത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ഇരുപത്തിയഞ്ചോളം ചെറുകഥകളും രചിച്ചിട്ടുണ്ട്.