j
ജഗതി ശ്രകുമാറും രവി വള്ളത്തോളും കോളേജ് നാടക വേഷത്തിൽ

തിരുവനന്തപുരം: ചിത്രത്തിൽ ജഗതി ശ്രീകുമാറിനൊപ്പം നിൽക്കുന്ന ആളെ തിരിച്ചറിയുമോ എന്നു ചോദിച്ചുകൊണ്ട് ഈ ഫോട്ടോ എത്രയോ വട്ടം സാമൂഹ്യമാദ്ധ്യമങ്ങളിൽ വന്നിരിക്കുന്നു. ഒപ്പം നിൽക്കുന്നയാൾ രവി വള്ളത്തോളാണെന്ന് ഇന്നെല്ലാവർക്കുമറിയാം.

മാർ ഇവാനിയോസ് കോളേജിൽ ബി.എസ് സിക്കു പഠിക്കുന്ന കാലത്താണ് ജഗതിയും രവി വള്ളത്തോളും ജോഡികളായി നാടകങ്ങളിൽ അഭിനയിച്ചത്. അന്ന് പെൺവേഷത്തിൽ രവി വള്ളത്തോൾ എത്തിയാൽ സദസ് ആർത്തിരമ്പുമായിരുന്നുവെന്ന് രണ്ടു പേരുടേയും അദ്ധ്യാപകൻ ജോർജ് ഓണക്കൂ‌ർ ഓർക്കുന്നു. അത്രയ്ക്കു പെർഫക്ടായിരുന്നു രവിയുടെ പെൺവേഷം.

1970കളിൽ കേരള സർവകലാശാലയിൽ സർഗ വസന്തം സൃഷ്ടിച്ച രണ്ട് പ്രധാന കലാകാരന്മാർ ജഗതി ശ്രീകുമാറും രവി വള്ളത്തോളുമായിരുന്നുവെന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. അന്ന് കോളേജിലെ ആർട്സ് ക്ലബ്,​ സിനി ക്ലബ് എന്നിവയുടെ ചുമതല ഓണക്കൂറിനായിരുന്നു. അതിൽ സജീവ അംഗങ്ങളായിരുന്നു ഈ രണ്ടു പേരും ഒപ്പം കെ.ജയകുമാറും പാലോട് രവിയുമൊക്കെ ഉണ്ടായിരുന്നു. ഇവർക്കൊപ്പം ഓണക്കൂറും അഭിനയിച്ചു ജി.ശങ്കരപിള്ളയുടെ 'ബന്ദി' എന്ന നാടകത്തിൽ. ''നല്ല സ്വരമായിരുന്നു രവിയുടേത്. ജി.ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് എന്റെ മകൻ ആദർശ് ജീസസായി അഭിനയിച്ച നാടകത്തിൽ ജീസസിന് ശബ്ദം നൽകിയത് രവിയാണ്. ഏതു കാര്യത്തിന് വിളിച്ചാലും വിളിപ്പുറത്തെത്തും. ഒരു ജാഡയുമില്ല. വിനയം എപ്പോഴും സൂക്ഷിച്ചിരുന്നു. അദ്ധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്നു''- ഓണക്കൂ‌ർ പറഞ്ഞു.