sonia-gandhi

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ നടപടികൾക്കൊപ്പം സാമ്പത്തികരംഗത്തെ പ്രതിസന്ധി പരിഹരിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ചെറുകിട - ഇടത്തരം വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്നും ചെറുകിട - ഇടത്തരം വ്യവസായ മേഖലയുടെ സംഭാവനയാണെന്ന് സോണിയ ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ ജോലിചെയ്യുന്ന 11 കോടി ജനങ്ങൾ തോഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. സർക്കാരിന്റെ പിന്തുണയില്ലാതെ ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്ക് പിടിച്ചു നില്‍ക്കാനാവില്ല. ലോക്ക്ഡൗൺ തുടരുന്ന ഓരോ ദിവസവും 30,000 കോടി രൂപയുടെ ബാദ്ധ്യതയാണ് ഈ മേഖലയിൽ ഉണ്ടാകുന്നത്.

ജീവനക്കാർക്ക് ശമ്പളം നൽകാൻപോലും വ്യവസായ യൂണിറ്റുകൾക്ക് കഴിയുന്നില്ല. ഈ മേഖലയ്‌ക്കുവേണ്ടി സർക്കാർ ഒരു ലക്ഷം കോടിയുടെ തൊഴിൽ സുരക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സോണിയാഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.