ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24942 ആയി. 24 മണിക്കൂറിനിടെ 1490 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 56 പേർ മരണത്തിന് കീഴടങ്ങിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മരണം 779 ആയി ഉയർന്നു. നിലവിൽ 18,953 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 5210 പേർ രോഗ മുക്തി നേടി.
അതിനിടെ, ആന്ധ്രാപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.
ലോക്ക്ഡൗണിലൂടെ കൊവിഡ് വ്യാപനം പിടിച്ചു നിറുത്താനായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ലോക്ക് ഡൗൺ ഒരുമാസം പിന്നിടുമ്പോൾ കൊവിഡ് രോഗികളുടെ വർദ്ധനയുടെ തോത് ആറ് ശതമാനമായി കുറഞ്ഞെന്നാണ് ഏറ്റവും പുതിയ കണക്കുകൾ.
അതേസമയം രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. മരണസംഖ്യ 323 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 394 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. മുംബയിൽ മാത്രം കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 3000 കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.