വാഷിംഗ്ടൺ: കൊവിഡ് രോഗിയുടെ ശരീരത്തിലേക്ക് ശക്തിയേറിയ അൾട്രാവയലറ്റ് രശ്മികൾ കടത്തിവിട്ടും അണുനാശിനി കുത്തിവച്ചും വൈറസിനെ തുരത്താൻ കഴിയുമോയെന്ന് പരിശോധിക്കണ തന്റെ പ്രസ്താവന വെറും തമാശയായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എന്താണ് പ്രതികരണം എന്നറിയാൻ താൻ തമാശരൂപേണ പറഞ്ഞതാണെന്ന് അദ്ദേഹം പിന്നീട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനക്കെതിരെ ലോകവ്യാപകമായി വിമർശനമുയർന്ന സാഹചര്യത്തിലാണ് വിശദീകരണം.
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അണുനാശിനിയും യു.വി രശ്മികളും ഉപയോഗപ്പെടുത്തുന്നതിന്റെ സാദ്ധ്യതയെ കുറിച്ച് ട്രംപ് സംസാരിച്ചത്. തൊലിയിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ യു.വി രശ്മികളോ ശക്തിയേറിയ പ്രകാശകിരണങ്ങളോ കടത്തിവിട്ട് പരീക്ഷിക്കാം. അതുപോലെ അണുനാശിനികളിലൂടെ മിനിറ്റുകൊണ്ട് വൈറസ് ഇല്ലാതാകും. എന്നിങ്ങനെയായിരുന്നു ട്രംപിന്റെ പരാമർശം. അതേസമയം, സൂര്യപ്രകാശവും ചൂടും കാരണം കൊവിഡ് വൈറസിന്റെ ശക്തി വേഗത്തിൽ ക്ഷയിക്കുമെന്ന് യു.എസ് സർക്കാർ റിപ്പോർട്ടിലും പരാമർശമുണ്ടായിരുന്നു.