കാസർകോട്: സാലറി ചലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ചെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. സാലറി ചലഞ്ചിനെതിരെ വാട്സാപ്പിലൂടെ സ്റ്റാറ്റസ് ഇടുകയാണ് പൊലീസുകാരൻ ചെയ്തത്. കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജീഷ് തമ്പിലത്തിനെയാണ് കാസർകോട് എസ്.പി വിഷയത്തിൽ സസ്പെൻഡ് ചെയ്തത്. 'പണിയെടുത്താൽ കൂലി കൊടുക്കണ'മെന്നായിരുന്നു പൊലീസുകാരന്റെ വാട്സാപ്പ് സ്റ്റാറ്റസ്.
സാമൂഹിക മാധ്യമങ്ങളിലൂടെ സാലറി ചാലഞ്ചിനെതിരെ പ്രതിഷേധിച്ച അദ്ധ്യാപകരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ സാധാരണക്കാരുടേയും നിരവധി കുട്ടികളുടേയും ത്യാഗമനോഭാവം എടുത്തു പറഞ്ഞ മുഖ്യമന്ത്രി ഇതെല്ലാം മനോഭാവത്തിൻ്റേയും നിലപാടിന്റേയും പ്രശ്നമാണെന്നും കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളിലൂടെ ഉത്തരവ് കത്തിക്കുന്നത് കണ്ടപ്പോൾ കൊവിഡ് ധനസമാഹരണത്തിന് വേണ്ടിയുള്ള കുട്ടികളുടെ സമർപ്പണമാണ് തനിക്ക് ഓർമ്മ വന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഏതുഘട്ടത്തിലും സഹജീവികളോട് നാം കരുണ കാട്ടുകയാണ് വേണ്ടതെന്നും വേലയും കൂലിയും ഇല്ല്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരുണ്ടെന്നും ഉത്തരവ് കത്തിച്ചവർ അക്കാര്യം ഓർക്കണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഉത്തരവ് കത്തിച്ചവർ സാധാരണ നിലയിൽ അത് ചെയ്യാൻ പാടില്ലാത്തതാണെന്നും നാട് അവരെ പരിഹാസ്യരായി കാണുമെന്ന കാര്യം ഉത്തരവ് കത്തിച്ചവർ ചിന്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.