വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിടുമ്പോൾ വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയെന്ന് ആവർത്തിച്ച് അമേരിക്ക. ഇതിനെക്കുറിച്ച് ലോകരാജ്യങ്ങളെ ബോദ്ധ്യപ്പെടുത്താൻ അവരുമായി ചേർന്നു പ്രവർത്തിച്ചുവരികയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ പറഞ്ഞു. വൈറസ് വ്യാപനം ഉണ്ടായതിനെക്കുറിച്ച് വിശദീകരിക്കാൻ ചൈനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വൈറസിന്റെ രൂക്ഷസ്വഭാവത്തെക്കുറിച്ച് 2019 ഡിസംബർ മുതൽ ചൈനയ്ക്ക് അറിവുണ്ടായിരുന്നു. അമേരിക്കയിൽ ഉണ്ടായ മരണങ്ങൾക്കും വൻ സാമ്പത്തിക ചെലവുകൾക്കും ഉത്തരവാദികളായ ആളുകൾ അതിനു സമാധാനം പറയേണ്ടതുണ്ടെന്നും പോംപെയോ വ്യക്തമാക്കി. ആഗോള സാമ്പത്തിക സ്ഥിതി തകിടം മറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാന ചുമതല നിർവഹിക്കുന്നതിലും ലോകാരോഗ്യ സംഘടനയുടെ രാജ്യാന്തര ആരോഗ്യ ചട്ടങ്ങളും മറ്റും പാലിക്കുന്നതിലും അവർ പരാജയപ്പെട്ടു. ഇത് ഇനി സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. കൊവിഡിൽ നിന്ന് ലോകത്തെ രക്ഷിക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടതായും അദ്ദേഹം വിശദമാക്കി.