ന്യൂഡൽഹി: ലോകരാജ്യങ്ങൾക്ക് നിലവിൽ ചൈനയുമായി വ്യാപാരം നടത്താൻ ആഗ്രഹമില്ലെന്നും അത് ഇന്ത്യയ്ക്ക് ഗുണകരമായി മാറുകയാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റോസ് ദേശീയ വാർത്താ ചാനലുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകം ഇപ്പോൾ ചൈനയുടെ നേർക്ക് മുഖം തിരിക്കുകയാണെന്നും ഇത് ഇന്ത്യയ്ക്ക് ഒരു മികച്ച അവസരമായി മാറുകയാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ലോകത്തിലെ ഒന്നാംകിട സാമ്പത്തിക ശക്തികളിൽ ഒന്നാണെങ്കിലും നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ചൈനയുമായി ലോകരാജ്യങ്ങൾ വ്യാപാരബന്ധങ്ങളിൽ ഏർപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തുള്ള പ്രമുഖ കമ്പനികളെല്ലാം ചൈനയിൽ നിന്നും തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും ഇന്ത്യയിലേക്ക് പറിച്ചുനടുന്ന കാര്യം ആലോചിക്കുന്ന വേളയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വരുന്നതെന്നത് ശ്രദ്ധേയമാണ്.
അടുത്തിടെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈന അടക്കമുള്ള രാജ്യങ്ങൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട നിയമനങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടായിരുന്നു ഇന്ത്യ ഈ തീരുമാനം കൈക്കൊണ്ടത്.