തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുട ഹർജിയിൽ സ്‍പ്രിൻക്ലറിനും സർക്കാരിനും ഐ.ടി സെക്രട്ടറിക്കും ഹൈക്കോടതിയുടെ നോട്ടീസ്. സ്‍പീഡ് പോസ്റ്റ് വഴിയും ഇമെയിൽ വഴിയും നോട്ടീസ് അയയ്ക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കുന്നത് പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഏഴാം കക്ഷിയാക്കി ആയിരുന്നു ഹർജി.
സർക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ശേഖരിക്കുന്ന രേഖകൾ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് സ്പ്രിൻക്ലറിനെ ഇന്നലെ ഹൈക്കോടതി അറിയിച്ചിരുന്നു. കരാർ തുടരുന്നതിന് ഉപാധികളോടെ കോടതി അനുമതി നൽകിയിരുന്നു, കരാർ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളെല്ലാം ഫയലിൽ സ്വീകരിച്ച കോടതി കേസുകൾ മൂന്ന് ആഴ്‍ച കഴിഞ്ഞ് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചത്.