വാഷിംഗ്ടണ്‍: രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ അറിയിക്കാന്‍ വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദിവസേന നടത്തിയിരുന്ന വാര്‍ത്താസമ്മേളനം വെള്ളിയാഴ്ച അവസാനിപ്പിച്ചത് മാദ്ധ്യമപ്രവർത്തകരിൽ നിന്നും ചോദ്യങ്ങളൊന്നും സ്വീകരിക്കാതെ. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ട്രംപ് വാർത്താസമ്മേളനം അവസാനിപ്പിച്ച് തിരികെ പോയതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് രോഗികള്‍ക്ക് അണുനാശിനി കുത്തിവെച്ച് ചികിത്സിക്കുന്നത് പരീക്ഷിച്ചുകൂടെയെന്ന ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് ചോദ്യങ്ങൾ സ്വീകരിക്കാതെയും മറുപടി നൽകാതെയും വാര്‍ത്താസമ്മേളനം നിര്‍ത്താന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം കൊവിഡ് രോഗികള്‍ക്ക് അണുനാശിനി കുത്തിവെച്ച് രോഗം മാറ്റാന്‍ സാധിക്കുമോ എന്ന നിര്‍ദേശം പങ്കുവെച്ച ട്രംപ് വിമര്‍ശനങ്ങളും പരിഹാസങ്ങളുമേറ്റിരുന്നു.
വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് അശാസ്ത്രീയ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും ട്രംപിന്റെ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് താന്‍ ഹാസ്യരൂപേണയാണ് അണുനാശിനി കുത്തിവെക്കുന്ന കാര്യം പറഞ്ഞതെന്ന് ട്രംപ് വിശദീകരിച്ചു.
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 52000 കടന്നു. ഒൻപത് ലക്ഷത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 രോഗം നിയന്ത്രിക്കുന്നതില്‍ ട്രംപ് ഭരണകൂടത്തിന് പാളിച്ചപറ്റിയെന്ന് നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.