ആളൊഴിഞ്ഞ
പ്രഭാതത്തിൽ
അവൻ നടക്കാനിറങ്ങി.
അതുവരെ
കണ്ടിട്ടില്ലാത്ത
സ്വപ്നങ്ങളിലേക്ക്
ആരോ വാതിൽ തുറന്നതാണ്.
പതിവില്ലാതെ തെരുവ് ശാന്തമായിരുന്നു.
പാത അലസമായി
ഉറക്കം നടിച്ച് കിടന്നു
അയാൾ
അതിന്റെ കവിളിൽ തന്നെ
കുസൃതിയോടെ ഒരുമ്മ കൊടുത്തു.
പാതയോരത്തെ
പുൽക്കൊടികൾക്കും
അതിൽ തുള്ളിക്കളിച്ച
മഞ്ഞുകണങ്ങൾക്കും
നാണം വന്നു.
ഇത്ര പരസ്യമായൊരുമ്മ
തേൻ കുരുവികൾ കാണില്ലേ
കരിയിലക്കിളികൾ
എവിടെയെല്ലാം ചെന്ന് ചിലയ്ക്കും
അണ്ണാറക്കണ്ണന്മാർ
തന്നാലാവുന്നതു പോലെ
പറഞ്ഞു നടക്കും
മരംകൊത്തിയാണെങ്കിൽ
വെറുതെയിരിക്കുന്നവരുടെ
കാത് കൊത്തിപ്പിളർക്കും
പാത ലജ്ജിച്ച് പരിഭവം പറഞ്ഞു
അങ്ങിങ്ങ് വിശ്രമിക്കുന്ന
കുറിഞ്ഞിപ്പൂച്ചകൾ
അലസഗമനം നടത്തുന്ന നായകൾ
നാടലഞ്ഞു വരുന്ന കാക്കകൾ
ഉയരെ നിന്ന് ഒക്കെ വീക്ഷിക്കുന്ന
പരുന്തുകൾ എല്ലാവർക്കും
അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നു
മനുഷ്യരൊക്കെ എവിടെപ്പോയെന്ന്
വാഹനങ്ങൾ എല്ലാം എവിടെ മറഞ്ഞെന്ന്
എന്നാൽ അയാളാകട്ടെ
അപ്പോൾ ജനിച്ച
ശിശുവിനെയെന്ന പോലെ
അത്ഭുതത്തോടെ
കാണുകയായിരുന്നു
കാറ്റുകളുടെ ഊയലാട്ടം
ഇലകളുടെ കുശലം പറച്ചിൽ
മേഘങ്ങളുടെ അലസഗമനം
അയാൾ കേൾക്കുകയായിരുന്നു
മണ്ണടരുകൾക്കടിയിൽ നിന്ന് വരുന്ന
ഭൂമിയുടെ സംഗീതം
പുഴകളുടെ അടക്കം പറച്ചിൽ
അയാൾ അറിയുകയായിരുന്നു
കൈവിട്ടു പോയ തന്നെത്തന്നെ
അയാൾക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു
(മനുഷ്യനായിരിക്കുക എന്നത്
വളരെ ഭാഗ്യമുള്ള കാര്യമാണ്. പക്ഷേ... )