കഴിഞ്ഞ ആഴ്ച പറഞ്ഞത് കിഴക്ക്, വടക്ക് ദിക്കുകളെപ്പറ്റിയാണ്. ഇനിയുള്ളത് തെക്കും പടിഞ്ഞാറും ദിശകളാണ്. ഇന്ന് തെക്ക് ദിശയെപ്പറ്റിയുളള ഗവേഷണ തെളിവുകളിലുടെ പോകാം. ഭൗതിക ശാസ്ത്രം പഠിക്കുന്നവർക്ക് പ്രാപഞ്ചികോർജ്ജത്തിന്റെ വ്യാപനം ഏതു തരത്തിലെന്ന് തിരിച്ചറിയാം. ഊർജശക്തിയിൽ ഏറ്റവും മുന്നിൽ തെക്ക് ദിശയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രാവിലെ പത്തിനുശേഷവും ഉച്ചയ്ക്ക് 3.45 ന് മുൻപും തെക്കു ദിശയിൽ കേന്ദ്രീകരിക്കപ്പെടുന്ന ഊർജശക്തി പ്രാപഞ്ചികോർദ്ധത്തിൽ ഏറ്റവും കനപ്പെട്ടതാണ്. അതായത് കിഴക്കിനെയോ വടക്കിനെയോ പടിഞ്ഞാറിനോ അപേക്ഷിച്ച് തെക്ക് ദിശയിൽ ഉണ്ടാകുന്നത് ശക്തിയേറിയ ഊർജ്ജമാണ്. അതുകൊണ്ടാണ് തെക്കുദിശയെ കരുതണമെന്ന് ഭാരതീയ ഋഷീശ്വരന്മാർ പലതരത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. ഊർജത്തെ രണ്ട് തരത്തിൽ നിർവചിക്കാം. കേന്ദ്രീകൃത ഊർജവും വികേന്ദ്രീകൃത ഊർജവും. ക്ഷേത്രങ്ങളുടെ മുകളിൽ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെടുത്തി താഴികക്കുടം സ്ഥാപിക്കാറുണ്ടല്ലോ. ഈ താഴികക്കുടം സ്ഥാപിക്കുന്നത് വെറും കാഴ്ചയ്ക്കല്ല. പ്രാപഞ്ചികോർജത്തെ താഴികക്കുടത്തിലൂടെ വിഗ്രഹത്തിലേയ്ക്ക് പ്രസരിപ്പിക്കുന്നതിനാണിത്. ഇങ്ങനെ വിഗ്രഹത്തിലേയ്ക്ക് പ്രവഹിക്കുന്ന ഊർജമാണ് ഈശ്വര ഊർജമായി ക്ഷേത്രം ദർശിക്കുന്നവരിലേയ്ക്ക് പ്രസരിക്കുന്നതെന്നാണ് ശാസ്ത്രപക്ഷം. ക്ഷേത്രദർശനത്തിന് കയറുമ്പോൾ പുരുഷന്മാർ ശരീരം മറയ്ക്കരുതെന്ന് അഥവാ ക്ഷേത്രത്തിനുള്ളിൽ ഷർട്ട് ധരിക്കരുതെന്ന് പറയുന്നതിന് പിന്നിൽ ഈ ഊർജ ലഭ്യതയാണ് ലക്ഷ്യം.അതാണ് ഈശ്വരാനുഗ്രഹമായി കരുതുക. ഇങ്ങനെ വിഗ്രഹത്തിലേയ്ക്ക് വരുന്ന ഊർജമാണ് കേന്ദ്രീകൃത ഊർജം.
എന്നാൽ നിശ്ചിത സ്ഥാനത്തു നിന്ന് പുറത്തേയ്ക്ക് ഒഴുകി വരുന്നതോ, വിവിധ ദിശകളിലേയ്ക്ക് ഒഴുകിപ്പരക്കുന്നതോ ആണ് വികേന്ദ്രീകൃത ഊർജം. വീടുകളിൽ നിന്നും കടകളിൽ നിന്നും മറ്റെല്ലാം നിർമ്മാണ സ്ഥലങ്ങളിൽ നിന്നും പ്രസരിക്കുന്നതാണ് വികേന്ദ്രീകൃത ഊർജം. ഈ വികേന്ദ്രീകൃത ഊർജമാണ് തെക്കിൽ ഏറ്റവും കൂടുതലുള്ളത്. അതു കൊണ്ട് തെക്കു ദിശയെ പാരമ്പര്യ വാസ്തുശാസ്ത്രം യമ ദിശ അഥവാ കാലന്റെ ദിശയെന്ന് വിളിക്കാറുണ്ട്.അതു പോലെ തന്നെ തെക്കുനിന്ന് വടക്കോട്ട് ഒഴുകുന്ന ഊർജത്തെ യമസൂത്രമെന്നും തെക്കു പടിഞ്ഞാറുനിന്ന് വടക്ക് കിഴക്കേയ്ക്ക് ഒഴുകുന്ന ഊർജത്തെ മൃത്യുസൂത്രമെന്നും പറയുന്നു. പേരെന്തു തന്നെയായാലും തെക്കിൽ 'കരുതിയിരിക്കണം" എന്നു തന്നെയാണ് ബോദ്ധ്യപ്പെടുത്തൽ.
തെക്കുണ്ടാകുന്ന അതിശക്തമായ ഊർജത്തെ ക്രമപ്പെടുത്താനും അതിന്റെ യഥാർത്ഥ നല്ല ഫലം അനുഭവിക്കുന്നതിനും വേണ്ടിയാണ് വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയെ നാലു ഖണ്ഡങ്ങളാക്കി അതിൽ തെക്കു പടിഞ്ഞാറെ ഭാഗം കേന്ദ്രീകരിച്ച് വീട് നിർമ്മിക്കണമെന്ന് ശാസ്ത്രം പറയുന്നത്. ഭാരങ്ങൾ കയറ്റി വയ്ക്കേണ്ട ദിശയാണ് തെക്ക്. കരയിലെ ഏറ്റവും വലിയ ജീവിയാണെല്ലോ ആന. ഗണപതിയ്ക്ക് ആനയുടെ സങ്കൽപമാണല്ലോ.ഗണപതി ഭാരമേറിയ പ്രതിഷ്ഠ ആയതിനാലാണ് ക്ഷേത്രങ്ങളിൽ പോലും തെക്കുപടിഞ്ഞാറായി ഗണപതിയെ പ്രതിഷ്ഠിക്കുന്നത്.
തെക്ക് കിഴക്കും തെക്ക് പടിഞ്ഞാറും നേർ തെക്കുമുണ്ട്. ഇതിൽ നേർ തെക്ക് ദർശനമായി വീടു വയ്ക്കുന്നത് നല്ലതാണെന്ന് തെളിവുണ്ട്. ഭാഗ്യവും നേതൃത്വവുമൊക്കെ കൈവരും. സാമ്പത്തിക ഉന്നതിയ്ക്കൊപ്പം ഉയരങ്ങളിലെത്തുകയും ചെയ്യുമെന്നാണ് വിശ്വാസം. പക്ഷേ തെക്കിൽ വയ്ക്കുന്ന വീട് തെക്കു കിഴക്കോട്ടോ, തെക്കുപടിഞ്ഞാറാട്ടോ ചെറുതായെങ്കിലും ദർശിക്കുന്നുവെങ്കിൽ മോശം ഫലങ്ങളാണ് കണ്ടുവരുന്നത്.
തെക്ക് കിഴക്കിൽ കൃത്യമല്ലാത്ത വീട്ടിൽ താമസിക്കുന്നവർക്ക് തുടർച്ചയായ സാമ്പത്തിക നഷ്ടങ്ങൾ, രോഗങ്ങൾ, കേസുകൾ , ശരീരത്തിലെ ശസ്ത്രക്രിയകൾ, ജോലി സ്ഥലത്തെ തുടർച്ചയായ ദുരിതം സാമ്പത്തിക ചെലവുകൾ എന്നിവ കണ്ടുവരാറുണ്ട്. ഇത്തരം വീടുകളിൽ ചിലപ്പോൾ പെട്ടെന്ന് ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും.പക്ഷേ വേഗത്തിൽ അത് നശിച്ചുപോകുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്.
മറ്റ് വശങ്ങളുടെ ഗുണമനുസരിച്ച് ഈ ഫലങ്ങൾ വ്യത്യസ്തപ്പെടുന്നതും കാണാം. തെക്കുപടിഞ്ഞാറ് ദർശനമായി വയ്ക്കുന്ന വീട് ഗുണമില്ലാത്ത വീടെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. തെക്കുപടിഞ്ഞാറ് ദർശനമായുളള വീട്ടിൽ കഷ്ടനഷ്ടങ്ങൾ, തുടർച്ചയായ വഴക്ക്, രോഗദുരിതങ്ങൾ എന്നിവ ഫലമാവാറുണ്ട്. തെക്ക് ദർശനമാവുമ്പോൾ മിക്കവാറും തെക്കുപടിഞ്ഞാറ് ഭാഗം കേന്ദ്രീകരിച്ച് സിറ്റൗട്ടും ഗേറ്റുമൊക്കെ വരാം. ഇതും ദോഷം തന്നെ. കാലുകളിൽ ഒഴിയാത്ത രോഗം, വീട്ടിലെ അന്തേവാസികൾക്കിടയിൽ പരസ്പര വിശ്വാസമില്ലായ്മ, ഒന്നും കൃത്യമായി നടക്കാതിരിക്കുക എന്തിനും തടസമുണ്ടാവുക എന്നിവയെല്ലാം സംഭവിക്കാം. ഓരോ ഫലങ്ങളും പറയാനുള്ള പരിമിതികളാണ് കുറച്ച് ഫലങ്ങൾ മാത്രം പറഞ്ഞ് നിർത്തുന്നത്. തെക്കുപടിഞ്ഞാറുമൂലയാണല്ലോ കന്നിമൂല. കന്നിമൂലയിൽ കുഴിയോ വഴിയോ കിണറോ അധികമായുളള കാലി സ്ഥലമോ, സെപ്റ്റിക് ടാങ്കോ ഒക്കെ ഒഴിവാക്കേണ്ടതാണ്. ഇല്ലെങ്കിൽ മോശപ്പെട്ട ഫലങ്ങളുടെ പൂരപ്പറമ്പായിരിക്കും ആ വീടും അന്തേവാസികളും. സ്ത്രീകൾ വീടുവിട്ടുപോകാം, ദുർസ്വഭാവത്തിന് വിധേയരാകാം, സ്ത്രീകളുടെ ഉയർച്ച തടയപ്പെടാം. പുരുഷന്മാർക്ക് വലിയ സാമ്പത്തിക നഷ്ടമോ മാനഹാനിയോ തളർവാതമോ ഒക്കെയും സംഭവിക്കാമെന്നാണ് ഗവേഷണ ഫലങ്ങൾ. അസ്ഥിരതയാണ് മറ്റൊരു മോശപ്പെട്ട ഫലം.ജോലിയിലോ വ്യാപാരത്തിലോ അത് പ്രതിഫലിക്കാം. തെക്ക് ദിശയല്ല ഏത് ദിശയിലേയ്ക്ക് ദർശനമായി വീടുവച്ചാലും വീടിന് ചെറുതായെങ്കിലും ഒരു ചുറ്റുമതിൽ നിർബന്ധമാണ്. പ്രത്യേകിച്ച് തെക്കുദിശയിലുള്ളവർ കന്നിയെയും അഗ്നികോണിനെയും മതിൽ കെട്ടി അടച്ചെടുത്ത് കന്നിയിൽ അൽപം മതിൽ ഉയർത്തി പടിഞ്ഞാറിലോ,തെക്കിലോ ഗേറ്റ് വയ്ക്കേണ്ടതാണ്. ഇത്തരത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മോശഫലം കുറയ്ക്കാനാവും. കേരളകൗമുദിയുടെ വായനക്കാർ സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലിൽ വേണം ഈ പംക്തിയിലെ കാര്യങ്ങളെ വിലയിരുത്തേണ്ടത്.