നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു. ബികോം ബിരുദധാരിയാണ് അഞ്ജലി.ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായായിരുന്നു വിവാഹ ചടങ്ങുകൾ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ വളരെ കുറച്ചുപേർ മാത്രമേ പങ്കെടുത്തുള്ളു.
വിവാഹത്തിന് കരുതി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠൻ നേരത്തെ അറിയിച്ചിരുന്നു. എം.എൽ.എ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങും.കമ്മട്ടിപ്പാടത്തിലെ ബാലനിലൂടെയാണ് മണികണ്ഠൻ ആചാരി പ്രേക്ഷകർക്ക് സുപരിചിതനായത്. അതേസമയം, അഞ്ജലിയെ ചെറുപ്പം മുതൽ കണ്ടിട്ടുണ്ടെന്നും തനിക്ക് നേരത്തെ അറിയാവുന്ന കുടുംബമാണ് അവരുടേതെന്നും മണികണ്ഠൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ രസകരമായ ഒരു പ്രപ്പോസൽ കഥയും താരം ആരാധകരുമായി പങ്കുവച്ചിരുന്നു.
'പൊക്കമൊക്കെ കറക്ടാണല്ലോ... എന്നാൽ പിന്നെ ആലോചിച്ചാലോ' എന്നായിരുന്നു മണികണ്ഠന്റെ ചോദ്യം. 'ആലോചിച്ചോളൂ' എന്ന് മറുപടിയും കിട്ടി. തുടക്കത്തിൽ വീട്ടുകാരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും താരം പറഞ്ഞു. പ്രായവ്യത്യാസം ആയിരുന്നു എതിർപ്പിന് കാരണം. 'എന്നേക്കാൾ ഒൻപതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ, ഞാൻ സിനിമാക്കാരനും! , പിന്നെ ചെറിയൊരു ചടങ്ങു നടത്തി വിവാഹം ഉറപ്പിച്ചു' മണികണ്ഠൻ പറഞ്ഞു.