കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ശമ്പളം കുറവ് ചെയ്യാനുള്ള സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ അദ്ധ്യാപക സംഘടനയ്ക്കെതിരെ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ രംഗത്ത്. വരുമാനവും നികുതിയും ഇല്ലാതെ റേഷനരി കൊണ്ട് പട്ടിണി മാറ്റുന്ന നിരവധി ആളുകളും വരുമാനരഹിതരുമായവരും നല്ല മനസ്സോടെ സർക്കാരിന് പൂർണ പിന്തുണ നൽകുമ്പോൾ ചെറിയ നഷ്ടം പോലും സഹിക്കാത്ത സർക്കാർ ജീവനക്കാർ അസഹിഷ്ണുത കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വം പോലും ഇല്ലാത്ത ഇത്തരം അദ്ധ്യാപകർ പഠിപ്പിക്കുന്ന പിള്ളേർ എന്ത് സാമൂഹ്യമൂല്യമാണ് ഇവരിൽ നിന്ന് പഠിക്കുക? സർക്കാരിന് കൈത്താങ്ങായി അവനവന്റെ വിഹിതം നല്ലമനസ്സാലെ കൊടുക്കൂ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറുപ്പിലൂടെ ആവശ്യപ്പെട്ടു.
പോസ്റ്റിന്റെ പൂർണരൂപം :
ചുറ്റുമുള്ള ആർക്ക് എന്ത് സംഭവിച്ചാലും, ജോലി ചെയ്തില്ലെങ്കിൽപ്പോലും എനിക്ക് ഒന്നാംതീയതി കൃത്യമായി മുഴുവൻ ശമ്പളവും കിട്ടിയേതീരൂ എന്ന ആ മനോഭാവമുണ്ടല്ലോ, മനുഷ്യത്വത്തിൽ കുറഞ്ഞ എന്തോ ഉള്ളവർക്കേ ഇപ്പോഴങ്ങനെ ചിന്തിക്കാൻ പറ്റൂ. ഇവരൊക്കെ പഠിപ്പിക്കുന്ന പിള്ളേർ എന്ത് സാമൂഹ്യമൂല്യമാണ് പഠിക്കുക?
വെറും 6 ദിവസത്തെ ശമ്പളമാണ് സർക്കാർ പിടിച്ചത്. ബാക്കി (ജോലി ചെയ്യാത്ത) 24 ദിവസത്തെ ശമ്പളം നൽകി. പിടിച്ചുവെച്ച 6 ദിവസത്തെ ശമ്പളവും പിന്നീട് സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ കൊടുക്കുകയും ചെയ്യുമത്രേ !!
മിക്കവാറും മനുഷ്യർ വരുമാനരഹിതരാണ്. ചുറ്റുമുള്ളവരിൽ പലരും റേഷനരി കൊണ്ട് മാത്രമാണ് പട്ടിണി മാറ്റുന്നത്. സർക്കാരുകൾക്ക് പോലും വരുമാനമില്ല, നികുതിയില്ല.
അപ്പോഴാണ് ചിലർക്ക് ചെറിയ നഷ്ടം പോലും സഹിക്കാൻ പറ്റാത്ത ഈ അസഹിഷ്ണുത കാട്ടുന്നത്..
ഖനജാവ് ചോരുന്ന വഴികളുണ്ട്, ധൂർത്ത്, കാര്യക്ഷമതക്കുറവ് എന്നിവ കൊണ്ട് സർക്കാർപണം ചെലവാകുന്ന വഴികളുണ്ട്. അതേപ്പറ്റി സർക്കാരിനേ ചൂണ്ടിക്കാട്ടാം, വിമർശിക്കാം - ഒരു തെറ്റുമില്ല. ഇത് കഴിഞ്ഞിട്ടാവുന്നതാണ് ഭംഗി. അതൊന്നും സഹായം കൊടുക്കാതിരിക്കാനുള്ള ന്യായീകരണമാക്കരുത്. കേന്ദ്രത്തിനായാലും കേരളത്തിനായാലും.
ആദ്യം സർക്കാരിന് കൈത്താങ്ങായി അവനവന്റെ വിഹിതം നല്ലമനസ്സാലെ കൊടുക്കൂ.