train

സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ കിം ഈ ആഴ്ച ഉത്തരകൊറിയയുടെ കിഴക്കൻ തീരത്തുള്ള അവധിക്കാല കോമ്പൗണ്ടിലെത്തിയെന്നും വാർത്തകൾ. കിം ജോംഗ് ഉന്നിന്റെ ട്രെയിൻ ഒരു റിസോർട്ട് ടൗണിൽ കണ്ടതായാണ് വിവരം. ഉത്തരകൊറിയന്‍ നഗരത്തില്‍ നിന്നുള്ള കിമ്മിന്റെ ഔദ്യോഗിക പ്രത്യേക ട്രെയിനിന്റെ സാറ്റ്‌ലൈറ്റ് ചിത്രമാണ് പുറത്തുവിട്ടത്. വാഷിംഗ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു നോർത്ത് കൊറിയൻ നിരീക്ഷണ പദ്ധതി സാറ്റലൈറ്റ് ഇമേജുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിവരം പുറത്തുവിട്ടത്.

ഇവര്‍ നല്‍കുന്ന വിവരപ്രകാരം ഏപ്രില്‍ 21-23 എന്നീ ദിവസങ്ങളില്‍ കിമ്മിന്റെ ട്രെയിന്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് മാത്രമായിട്ടുള്ള ‘ലീഡര്‍ഷിപ്പ് സ്റ്റേഷനില്‍’ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ഈ ട്രെയിന്‍ ചിത്രം കിമ്മിന്റെ നിലവിലെ സ്ഥിതിയെ പറ്റി കാര്യമായ സൂചനകള്‍ ഒന്നും നല്‍കുന്നില്ലെങ്കിലും കിം രാജ്യത്തിന്റെ കിഴക്കന്‍ തീരത്തെ ഒരു ഉന്നത വസതിയില്‍ താമസിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇത് ആക്കം കൂട്ടുന്നുണ്ട്.

അതേസമയം, കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ചൈന മെഡിക്കൽ വിദഗ്ദ്ധരടങ്ങുന്ന സംഘത്തെ അയച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര ലെയ്സൺ വിഭാഗത്തിലെ മുതിർന്ന അംഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം വ്യാഴാഴ്ചയാണ് ബെയ്ജിംഗിൽ നിന്ന് ഉത്തരകൊറിയയിലേക്ക് പോയത്. ഹൃദയശാസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യ നില മോശമാണെന്നായിരുന്നു റിപ്പോർട്ടുകൾ.

കിമ്മിന്റെ ആരോഗ്യ നിലയെ കുറിച്ച് യു.എസ് അധികൃതരടക്കം റിപ്പോർട്ട് ചെയ്തിരുന്നു. 'തെറ്റായ റിപ്പോർട്ടാണിതെന്ന് ഞാൻ കരുതുന്നു. പഴയ രേഖകളാണ് സി.എൻ.എന്നിന് ലഭിച്ചതെന്നാണ് ഞാൻ മനസിലാക്കുന്നത്'-അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഏപ്രില്‍ 15 ന് കിമ്മിന്റെ മുത്തച്ഛനും ഉത്തരകൊറിയയുടെ രാഷ്ട്രപിതാവുമായ കിം II സംഗിന്റെ ജന്മദിനാഘോഷചടങ്ങുകളിലും പങ്കെടുത്തിരുന്നില്ല. ഏപ്രിൽ 11 നടന്ന് പൊളിറ്റ്ബ്യൂറോ മീറ്റിംഗിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല ഏപ്രിൽ 11-നായിരുന്നു കിം അവസാനമായി പൊതുവേദിയിലെത്തിയത്.