kaumudy-news-headlines

1. കൊവിഡ് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തില്‍. ജനങ്ങളും ഉദ്യോഗസ്ഥരും ഈ പോരാട്ടത്തില്‍ ഒന്നിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു. ഈ മഹാമാരിയുടെ കാലത്ത് രാജ്യത്ത് ഒരാളും പട്ടിണി കിടക്കരുത് എന്ന് ഉറപ്പ് വരുത്തണം. 130 കോടി ജനങ്ങളുടെ പോരാട്ടവീര്യത്തെ നമിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആയി പുതിയ പോര്‍ട്ടല്‍. ആരോഗ്യപ്രവര്‍ത്തകരും നഴ്സുമാരും അടങ്ങുന്ന വലിയ വിഭാഗത്തെ പോര്‍ട്ടലിലൂടെ ഒന്നിപ്പിച്ചു. കൊവിഡ് സാഹചര്യങ്ങളെ നേരിടാന്‍ സാങ്കേതിക സഹായത്തിലൂടെ പുത്തന്‍ ആശയങ്ങള്‍ കണ്ടെത്തി. ലൈഫ് ഉഡാന്‍ പദ്ധതിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ടണ്‍ കണക്കിന് മരുന്നുകള്‍ എത്തിച്ചു.


2. രാജ്യം ശരിയായ ദിശയിലൂടെ ആണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ കര്‍ഷകര്‍ നല്‍കിയ സംഭാവന വലുതാണ് എന്നും മോദി. മാസ്‌ക് ഉപയോഗിക്കുന്നത് ജീവിതരീതിയുടെ ഭാഗമായി. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് തെറ്റാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംസ്ഥാന സര്‍ക്കാരുകളും പഞ്ചായത്തുകളും വലിയ പങ്കാണ് കൊവിഡ് പ്രതിരോധത്തില്‍ നിര്‍വഹിക്കുന്നത്. പൊലീസിനും ശുചീകരണ തൊഴിലാളികള്‍ക്കും പ്രധാനമന്ത്രിയുടെ ആദരം. കേന്ദ്രത്തിന്റെ മുന്‍ഗണന അവശ്യ സര്‍വീസുകള്‍ക്ക് ആണെന്നും മോദി. ലോകത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ വലിയ പങ്കാണ് വഹിക്കുന്നത്. നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്നുകള്‍ എത്തിച്ചു. പല വിദേശ രാജ്യങ്ങളും ഇന്ത്യയോട് നന്ദി പറയുന്നു. സ്വന്തം ആവശ്യങ്ങള്‍ ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരം എന്നും നരേന്ദ്ര മോദി പറഞ്ഞു.
3. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരിച്ച് എത്തിക്കുന്നതിന് ആയി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രത്യേക വിമാനത്തില്‍ ആയിരിക്കും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് എത്തിക്കുക. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങി. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാന താവളത്തില്‍ ആയിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷം ആയിരിക്കും ഇവരെ വീടുകളിലേക്ക് പോകന്‍ അനുവദിക്കൂ. സന്ദര്‍ശന വിസയില്‍ പോയി കുടുങ്ങിയവര്‍ എത്രയെന്ന കണക്കെടുക്കും. മത്സ്യ തൊഴിലാളികളെയും ആദ്യം പരിഗണിക്കും.
4. കൊവിഡ് ഭീഷണി കൂടിയ രാജ്യങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെയും എണ്ണമെടുക്കും. ഇവരെയാകും ആദ്യം എത്തിക്കുക എന്നാണ് സൂചന. വിമാന സര്‍വ്വീസ് തുടങ്ങുമ്പോള്‍ പ്രവാസികളുടെ മടക്കം സാധ്യമാകും എന്നും കേന്ദ്രം പറയുന്നു. അതേസമയം പ്രവാസികളെ കൊണ്ടു വരാനുള്ള നപടികള്‍ കേരളം ആരംഭിച്ചിട്ടുണ്ട്. നോര്‍ക്ക വഴിയുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. ഇതിന് തിരക്കു കൂട്ടേണ്ട എന്നാണ് അധികൃതര്‍ പറയുന്നത്. സ്ത്രീകള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ആയിരിക്കും മുന്‍ഗണന എന്നാണ് റിപ്പോര്‍ട്ട്.
5. ഞങ്ങള്‍ക്ക്, നായകര്‍ ആദ്യം' എന്ന കോവിഡ് കാല പരിപാടിയുമായി റിലയന്‍സ്. ഇനി മുതല്‍ കോവിഡിന് എതിരായ യുദ്ധമുഖത്തുള്ള ഹീറോമാര്‍ അവശ്യസാധനങ്ങള്‍ വാങ്ങാനായി റിലയന്‍സ് സ്റ്റോറുകളില്‍ ക്യൂവില്‍ നില്‍ക്കേണ്ടതില്ല . വാങ്ങിയ സാധനങ്ങള്‍ ബില്‍ ചെയ്യുന്നതിനും ക്യൂവില്‍ തിക്കിത്തിരക്കേണ്ടതില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് റിലയന്‍സ് സ്റ്റോറുകളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ , വാര്‍ഡ് തല പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ റിലയന്‍സ് തീരുമാനിച്ചു. ഈ വിഭാഗത്തില്‍ പെടുന്ന ഹീറോകള്‍ തങ്ങളുടെ ഐഡി കാര്‍ഡ് സ്റ്റോറുകളില്‍ കാട്ടിയാല്‍ മാത്രം മതിയാകും. അവര്‍ തുടര്‍ന്ന് മുന്‍ഗണന പ്രകാരം ചെക്കിന്‍, ബില്ലടയ്ക്കല്‍ എന്നിവയ്ക്ക് അര്‍ഹരാണ്. ഇതു സംബന്ധിച്ച് റിലയന്‍സ് ജീവനക്കാരെ ബോധവല്‍ക്കരിച്ചു കഴിഞ്ഞതായും യഥാര്‍ത്ഥ ഹീറോകള്‍ക്ക് മുന്‍ഗണന നല്‍കി ക്കൊണ്ടുള്ള അറിയിപ്പുകള്‍ സ്റ്റോറുകളില്‍ പതിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
6. കൊവിഡ് കാല സഹായവുമായി മഞ്ഞിലാസ് ഫുഡ് ടെക്കും. തൃശൂര്‍ കമ്മ്യൂണിറ്റി കിച്ചണില്‍ നടന്നു വരുന്ന ഭക്ഷണ വിതരണത്തിനാണ് മഞ്ഞിലാസിന്റെ സഹായം. 500 കിലോ ഡബിള്‍ ഹോഴ്സ് ആട്ട യാണ് മഞ്ഞിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്മ്യൂണിറ്റി കിച്ചണ് നല്‍കിയത്. മഞ്ഞിലാസ് ഫുഡ് ടെക്ക് ഡയറക്ടര്‍ സന്തോഷ് മഞ്ഞില തൃശൂര്‍ മേയര്‍ അജിത ജയരാജന് സഹായം കൈമാറി.
7. കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6 ആയതോടെ അതീവ ജാഗ്രത പുലര്‍ത്തണം എന്ന മുന്നറിയിപ്പും ആയി ജില്ലാ ഭരണകൂടം. ഇതിനോടകം 284 പേരെ ഹോം ക്വാറന്റയിന്‍ ചെയ്തിട്ടുണ്ട്. 735 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 682ഉം നെഗറ്റീവാണ്. ലഭിക്കാനുള്ള 22 ഫലങ്ങള്‍ നിര്‍ണ്ണായകമാണ്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉള്ള തീരുമാനവും ജില്ലാ ഭരണകൂടം സ്വീകരിച്ച് കഴിഞ്ഞു. ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഏഴ് വയസുകാരിക്കും കോവിഡ് 19 സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ല അതീവ ജാഗ്രതയില്‍ ആണ്. റാന്‍ഡം പരിശോധനയിലൂടെ ആണ് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം കണ്ടെത്തിയത്. ഏഴ് വയസുകാരിക്ക് നിരീക്ഷണ കാലാവധിക്ക് ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കുളത്തൂപ്പുഴ സ്വദേശിയായ 51നുകാരന് സമ്പര്‍ക്കത്തിലൂടെ ആണ് രോഗ ബാധയേറ്റത്.
8. കണ്ണൂരില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗബാധ ഉണ്ടായത്. ഇതോടെ ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. ഇതില്‍ 56 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. പെരിങ്ങത്തൂര്‍ സ്വദേശിയായ ഇരുപതുകാരന് ആണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ രോഗം ബാധിച്ച അയല്‍ക്കാരനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ ആണ് ഇയാള്‍ക്ക് രോഗ ബാധ ഉണ്ടായത്. കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 175 കേസുകളില്‍ 159 പേര്‍ക്കും രോഗം ഭേദമായി. ഇനി 16 പേര്‍ മാത്രമാണ് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്. നേരത്തെ രണ്ട് നഗര സഭകളിലും 15 പഞ്ചായത്തുകളിലും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ 5 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ആയി പോസിറ്റീവ് കേസുകള്‍ ചുരുങ്ങി. കോവിഡ് 19 റപ്പോര്‍ട്ട് ചെയ്ത 10 പഞ്ചായത്തുകളില്‍ നിലവില്‍ രോഗികളില്ല.