അമരാവതി: ബോറടി മാറ്റാൻ ലോറി ഡ്രെെവറും സുഹൃത്തുക്കളും നടത്തിയ ചീട്ടുകളി മൂലം കൊവിഡ് ഒറ്റയടിക്ക് പകർന്നത് 24 പേർക്ക്. ആന്ധ്രപ്രദേശിലെ വിജയവാഡ സിറ്റിയിലാണ് സംഭവം. കൃഷ്ണ ജില്ലാ കളക്ടർ എ. മുഹമ്മദ് ഇംതിയാസാണ് ഇക്കാര്യം അറിയിച്ചത്.
കൃഷ്ണലങ്കയിലെ ലോറി ഡ്രെെവറും കൂട്ടരും വെറുതെയിരുന്നപ്പോൾ നേരം പോക്കിനായാണ് അയൽക്കാരുമെല്ലാം ഒത്തുകൂടി ചീട്ടുകളിയിൽ ഏർപ്പെട്ടത്. സ്ത്രീകളടക്കം ഇവിടെയുണ്ടായിരുന്നു. വിജയവാഡയ്ക്ക് സമീപത്തെ മറ്റൊരു സ്ഥലത്തും ലോറി ഡ്രൈവർ മൂലം ആളുകളിൽ വൈറസ് ബാധയുണ്ടായതായി റിപ്പോർട്ടുണ്ട്.
കർമിക നഗർ എന്ന സ്ഥലത്താണ് 15 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോക്ക് ഡൗൺ ലംഘിച്ച് ഒരു ലോറി ഡ്രൈവർ ജനങ്ങളുമായി ഇടപഴകിയതാണ് ഇവിടെ രോഗവ്യാപനത്തിന് കാരണമായത്. രണ്ടു സംഭവങ്ങളിലുമായി 40 ഓളം പേർക്ക് കൊവിഡ് ബാധയുണ്ടായത് സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട കൊവിഡ് ഹോട്ട് സ്പോട്ട് ആണ് വിജയവാഡ. 100ൽ അധികം കേസുകളാണ് ഇവിടെ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 25 പേർക്കാണ് ഇവിടെ കോവിഡ് 19 സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിക്കാത്തതാണ് രോഗം പടരാൻ കാരണമെന്ന് കളക്ടർ വ്യക്തമാക്കി.