ന്യൂഡൽഹി: ദുബായിൽ നിന്ന് കൊണ്ടുവന്ന മൂന്ന് ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ ഡൽഹി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ജഗ്സിർ സിംഗ്, സഞ്ജീവ് കുമാർ, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങളാണ് അബുദാബിയിലേക്ക് തിരികെക്കൊണ്ടുപോയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലെന്ന് കാണിച്ചായിരുന്നു നടപടി.
മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കൾ മണിക്കൂറുകളോളം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നു. ഇവരോട് അധികൃതർ വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.'ഇത് കൊവിഡ് മരണമല്ല. തെളിവായി ഞങ്ങളുടെ കൈവശം മരണ സർട്ടിഫിക്കറ്റും ഇന്ത്യൻ എംബസിയിൽ നിന്ന് ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമ്പോൾ മൃതദേഹം തിരിച്ചയച്ചു. ഇത് വളരെ ഞെട്ടിപ്പിക്കുന്നതാണ്'- സഞ്ജീവ് കുമാറിന്റെ ബന്ധു പറഞ്ഞു.
' ഇപ്പോൾ അധികൃതർ എന്നോട് ഞായറാഴ്ച വരാൻ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്ന് അവർ പറയുന്നു. മൃതദേഹങ്ങൾ തിരിച്ചയക്കാൻ പാടില്ലായിരുന്നു. കൊവിഡ് 19 നിയന്ത്രണങ്ങൾ കാരണം സംസ്ഥാനങ്ങളിൽ സഞ്ചരിക്കാനും ആംബുലൻസ് ക്രമീകരിക്കാനും ബുദ്ധിമുട്ടാണ്' അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മരിച്ച കമലേഷിന്റെ കുടുംബം ഉത്തരാഖണ്ഡിലാണ് താമസിക്കുന്നത്. യാത്രാ നിയന്ത്രണങ്ങളുള്ളതിനാൽ അവർക്ക് ഡൽഹിയിലെത്താൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ട്.
നിർഭാഗ്യകരമായ സംഭവത്തിൽ എല്ലാവരും ദു:ഖിതരാണെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക ഗിരീഷ് പന്ത് പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിലൂടെ, 48 മണിക്കൂറിനുള്ളിൽ മൃതദേഹം നാട്ടിലെത്തുമെന്ന് താൻ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.