കാണാൻ സുന്ദരൻ. കരുത്തിൽ കേമൻ. ഗർജ്ജനത്തിലൂടെ കാടാകെ വിറപ്പിക്കുന്നവൻ! കടുവയുടെ വിശേഷണങ്ങൾ ഇങ്ങനെ ധാരാളം. ട്രയംഫ് മോട്ടോർസൈക്കിൾസിന്റെ പുത്തൻ മോഡലിന് 'ടൈഗർ 900" എന്ന് പേരിട്ടതും ചുമ്മാതല്ല. അഴകുള്ള രൂപകല്പന. നല്ല ഉശിരും. നിരത്തിലെ കടുവ എന്ന വിശേഷണം തീർച്ചയായും ചേരും.
നല്ല ദൃഢമുള്ള ബോഡിയാണ് ടൈഗർ 900ന്. കഠിനമായ പാതകളിലൂടെയും ഈസിയായി പായും. ടൈഗർ 800നേക്കാൾ ഒതുങ്ങിയതും മികവുറ്റതുമാണ് രൂപം. ട്രയംഫ് ടൈഗർ 900 ജി.ടി. പ്രൊ, ടൈഗർ റാലി പ്രൊ എന്നീ വേരിയന്റുകളുണ്ട്. മുൻ മോഡലുകളിൽ നിന്ന് കാര്യമായ ചേരുവകൾ കടംകൊള്ളാതെ, ഫ്രഷ് ലുക്ക് ടൈഗർ 900ന് ട്രയംഫ് സമ്മാനിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, ചെറിയ എൽ.ഇ.ഡി ഹെഡ്ലാമ്പ് ബൈക്കിന്റെ മുൻഭാഗത്തെ മനോഹരമാക്കുന്നു.
മുൻ മോഡലിൽ ഇന്ധനടാങ്കും ബോഡി പാനലുകളും തടിച്ച് കൊഴുത്തപോലെ ആയിരുന്നെങ്കിൽ, 900ൽ അവ ഒതുക്കം നേടിയിരിക്കുന്നു. ബോഡി ഫ്രെയിം, റേഡിയേറ്റർ തുടങ്ങിയ വിഭാഗങ്ങളിലും മാറ്രം കാണാം. മുന്നിൽ യു.എസ്.ഡി, പിന്നിൽ മോണോഷോക്ക് സസ്പെൻഷനുകളാണുള്ളത്. റാലി പ്രൊയിൽ ഇവ ക്രമീകരിക്കാമെന്ന മികവുമുണ്ട്.
വലിയ ടി.എഫ്.ടി സ്ക്രീനാണ് ടൈഗർ 900ലെ മറ്റൊരു ആകർഷണം. ഒട്ടേറെ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ ഇതിലുണ്ട്. ബ്ളൂടൂത്ത് വഴി ഫോൺ ഇതിൽ കണക്ട് ചെയ്താൽ കോളുകൾ സ്വീകരിക്കാം. മെസേജുകൾ വായിക്കാം. നാവിഗേഷനുമുണ്ട്. ഗോ പ്രൊ ആക്ഷൻ കാമറ ഘടിപ്പിക്കാനുമാകും. റോഡ്, റെയിൻ, സ്പോർട്ട്, ഓഫ് റോഡ്, ഓഫ് റോഡ് പ്രൊ, റൈഡർ എന്നീ ഘൈഡിംഗ് മോഡുകളും ബൈക്കിനുണ്ട്. എ.ബി.എസ്., ട്രാക്ഷൻ കൺട്രോൾ, സസ്പെൻഷൻ എന്നിവ റൈഡിംഗിന് അനുയോജ്യമായി കസ്റ്റമൈസ് ചെയ്യാം.
പുതിയ 900 സി.സി ട്രിപ്പിൾ എൻജിൻ, പരമാവധി 94 ബി.എച്ച്.പി കരുത്ത്, 64 എൻ.എം ടോർക്ക് തുടങ്ങിയ ഗുണങ്ങളുള്ളതാണ് എൻജിൻ വിഭാഗം. ഗിയറുകൾ ആറ്. ഏത് നിരത്തിനെയും അനായാസം കീഴടക്കുന്ന ട്രയംഫ് ടൈഗറിലെ റൈഡിംഗ് വേഗത കണക്കാക്കാതെ തന്നെ മികച്ച ആസ്വാദനം നൽകും. മുന്നിലെ 21-ഇഞ്ച് ടയറുകൾ നല്ല റൈഡിംഗിന് അനുയോജ്യം. 65ലേറെ അഡ്വഞ്ചർ ആക്സസറികളും ചേർത്താണ് പുത്തൻ ടൈഗറിനെ ട്രംയഫ് എത്തിക്കുന്നത്. ഇന്ത്യയിൽ അടുത്തമാസം ബൈക്ക് ലോഞ്ച് ചെയ്തേക്കും. വില പ്രതീക്ഷ 12-14 ലക്ഷം രൂപ.