car

തൃശൂർ : ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കോവി ഡ് - 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ അതിർത്തികൾ അടച്ച് കൊണ്ടുള്ള വാഹന പരിശോധനക്കിടെ വ്യാജമദ്യവുമായി കാർ യാത്രികൻ പിടിയിലായി. ജില്ലാ അതിർത്തിയായ പ്ലാഴിയിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. മോട്ടോർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്രീ മാത്യു വർഗീസ് ടി. ശ്രീ ജയകുമാർ സി.സി എന്നിവർ നടത്തിയ പരിശോധനയിലാണ് KL-13 AP 6876 എന്ന രജിസ്ട്രേഷനിലുള്ള കാറിൽ നിന്ന് മദ്യം കണ്ടെടുത്തത്.

തുടർ നടപടികൾക്കായി വാഹനവും മദ്യവും യാത്രക്കാരെയും പഴയന്നൂർ പോലീസിന് കൈമാറി. വിവരമറിഞ്ഞ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കളക്ടറുടെ നിർദ്ദേശമനുസരിച്ച് ജില്ലാ അതിർത്തികളായ പ്ലാഴി, ആറങ്ങോട്ടുകര എന്നിവിടങ്ങളിൽ ഏപ്രിൽ 25 മുതൽ 24 മണിക്കൂറും 3 ഷിഫ്റ്റുകളിലായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് വാഹന പരിശോധനകൾ നടത്തിവരുന്നുണ്ട്. ലോക്ക് ഡൗൺ കാലയളവിൽ മുഴുവൻ 24 മണിക്കൂറും വാഹന പരിശോധനകൾ തുടരുന്നതിനായി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് തൃശ്ശൂർ ആർ.ടി ഒ ശ്രീ ഷാജി മാധവൻ അറിയിച്ചു.